തിരുവനന്തപുരം: (www.kvartha.com) രാജ്യാന്തര സൈകിള്‍ പോളോ താരം ടി കുമാര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഒമ്പത് തവണ ദേശീയ സൈകിള്‍ പോളോ ചാംപ്യന്‍ഷിപിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജി വി രാജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1996-ല്‍ അമേരികയിലെ റിച്‌ലാന്‍ഡില്‍വച്ച് നടന്ന പ്രഥമ ലോക സൈകിള്‍ പോളോ ചാംപ്യന്‍ഷിപില്‍ ജേതാക്കളായ ഇന്‍ഡ്യന്‍ ടീമിന്റെ നായകനായിരുന്നു. പിന്നീട് 1999, 2000, 2001 ലോക ചാംപ്യന്‍ഷിപുകളിലും കിരീടം നിലനിര്‍ത്തിയ ഇന്‍ഡ്യന്‍ ടീമിനായി കളിച്ചു.
2004-ല്‍ ബ്രിടനില്‍ ചെല്‍സിയും ഓക്സ്ഫോര്‍ഡ് ടീമും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ വില്യം രാജകുമാരനൊപ്പം കളിക്കാനും കുമാറിന് സാധിച്ചു.
കനേഡിയന്‍ ദേശീയ ടീമിന്റെ പരിശീലകനാകാന്‍ ക്ഷണം ലഭിച്ചപ്പോള്‍ കടുത്ത പ്രമേഹം അദ്ദേഹത്തിന് തിരിച്ചടിയാകുകയായിരുന്നു. ഇതോടെ 2006-ല്‍ അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വന്നു.