കൊച്ചി: (www.kvartha.com) ഗൂഢാലോചനകേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍കാര്‍ ഹൈകോടതിയില്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. സത്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനകേസിന് ആധാരം. ഗൂഢാലോചനക്കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയാണ് ഹൈകോടതി. വാദത്തിനിടെയാണ് സര്‍കാര്‍ ഇത്തരത്തില്‍ നിലപാടെടുത്തത്.
മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. എച്ആര്‍ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് ശരിയായ ദിശയില്‍ നടക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് യുഎഇ കോന്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.
സ്വപ്ന സുരേഷ് പറയുന്നത്: 'മുഖ്യമന്ത്രി തുടര്‍ച്ചയായി എച്ആര്‍ഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിര്‍ത്തിയതിന് എച്ആര്‍ഡിഎസിന് നന്ദിയുണ്ട്. അവരൊരു എന്‍ജിഒ ആയതുകൊണ്ടാണ് എന്നെ ഇത്ര നാള്‍ സംരക്ഷിച്ചത്. എന്റെ ജോലി കളയിച്ചതില്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സ്ത്രീയെയും അവരുടെ മക്കളെയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
എച്ആര്‍ഡിഎസിന്റെ നിവൃത്തികേട്. അവര്‍ വളരെ സഹതാപത്തോടെയാണ് എനിക്കുള്ള ടെര്‍മിനേഷന്‍ ലെറ്ററില്‍ എഴുതിയത്. മുഖ്യമന്ത്രി എന്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് മാത്രമല്ല മകളുള്ളത്. കേരളത്തിലെ എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.
ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എന്നെ വിളിപ്പിച്ചു. പക്ഷേ അത് ചോദ്യം ചെയ്യലായിരുന്നില്ല. ഹരാസ്മെന്റ് ആയിരുന്നു. എച്ആര്‍ഡിഎസില്‍ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വകേറ്റ് കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചു. ഞാന്‍ നല്‍കിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും എന്നോട് ആവശ്യപ്പെട്ടു. 770 കേസില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.