ന്യൂഡെല്‍ഹി: (www.kvartha.com) ദലൈലാമയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ചുട്ട മറുപടിയുമായി ഇന്‍ഡ്യ. ഫോണിലൂടെ ദലൈലാമയ്ക്ക് 87-ാം ജന്മദിന ആശംസകള്‍ അറിയിച്ചുവെന്നും അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.
എന്നാല്‍ ടിബറ്റന്‍ ആത്മീയ നേതാവിനെ ആദരണീയനായ അതിഥിയായി പരിഗണിക്കുന്നത് കേന്ദ്ര സര്‍കാരിന്റെ സ്ഥിരമായ നയമാണെന്നും, പ്രധാനമന്ത്രിയുടെ ജന്മദിനാശംസയെ ഇതിന്റെ ഭാഗമായി കാണണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്‍ഡ്യയിലും വിദേശത്തുമുള്ള അദ്ദേഹത്തിന്റെ നിരവധി അനുയായികള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇന്‍ഡ്യയില്‍ അദ്ദേഹത്തിന്റെ മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും ദലൈലാമയുടെ എണ്‍പത്തിയേഴാം ജന്മദിനത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനാശംസകള്‍ ഇതിന്റെ പശ്ചാത്തലത്തില്‍ കാണണമെന്നും കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി 20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് ബാലിയില്‍ ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഉഭയകക്ഷി ചര്‍ച നടത്തിയ ദിവസമാണ് പ്രധാനമന്ത്രിയുടെ ആശംസയെ വിമര്‍ശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ആശംസയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ഷാവോയുടെ വിമര്‍ശനം.
'ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയോടുള്ള പ്രതിബദ്ധത പാലിക്കുകയും വിവേകത്തോടെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും വേണം. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ടിബറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യമാണ്. വിദേശ ഉദ്യോഗസ്ഥരും ദലൈലാമയും തമ്മിലുള്ള എല്ലാ ബന്ധങ്ങളെയും ചൈന ശക്തമായി എതിര്‍ക്കുന്നു' ഷാവോ പറഞ്ഞു.
ദലൈലാമയെ അഭിവാദ്യം ചെയ്ത യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കനെയും ഷാവോ വിമര്‍ശിച്ചു. ദലൈലാമ ദീര്‍ഘകാലമായി ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ടിബറ്റിനെ ചൈനയില്‍ നിന്ന് വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ഷാവോ ആരോപിച്ചു.
Keywords: News,National,India,New Delhi,Birthday,Social-Media,Criticism,Narendra Modi,Dalai Lama,China, China Criticises PM Modi For Greeting Dalai Lama, Gets Snubbed By New DelhiConveyed 87th birthday greetings to His Holiness the @DalaiLama over phone earlier today. We pray for his long life and good health.
— Narendra Modi (@narendramodi) July 6, 2022