ന്യൂഡെല്‍ഹി: (www.kvartha.com) അഴിമതിക്കേസില്‍ ഗുജറാത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ രാജേഷിനെ സിബിഐ അറസ്റ്റ് ചെയ്തു. 2011ലെ ബാച് ഉദ്യോഗസ്ഥന്‍ സുരേന്ദ്രനഗര്‍ ജില്ലയില്‍ കലക്ടറായിരിക്കെ ആയുധ ലൈസന്‍സും ഭൂമിയും അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്‌തെന്നാണ് ആരോപണം.
അഴിമതിക്കേസ് അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജേഷിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന സൂറത് ആസ്ഥാനമായുള്ള വ്യാപാരി റഫീഖ് മേമനെ മെയ് ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ഗുജറാത് സര്‍കാര്‍ കേന്ദ്ര സര്‍കാരിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു. എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടത്.
'അന്നത്തെ സുരേന്ദ്രനഗര്‍ കലക്ടര്‍, സൂറത് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍, അജ്ഞാത വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ ആയുധ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളുടെ പേരില്‍ സര്‍കാര്‍ ഭൂമി പതിച്ചു നല്‍കുകയും കയ്യേറിയ സര്‍കാര്‍ ഭൂമി ക്രമപ്പെടുത്തുകയും ചെയ്തു. ഈ വിഷയത്തില്‍ ഗുജറാത് സര്‍കാരിന്റെ അഭ്യര്‍ഥന പ്രകാരം ഒരു പ്രാഥമിക അന്വേഷണം മുമ്പ് ആരംഭിച്ചിരുന്നു. തല്‍ക്ഷണ കേസ് മുമ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ്,' സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.