ന്യൂഡെല്‍ഹി: (www.kvartha.com) ഐപിഎല്‍ വാതുവെപ്പില്‍ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ട വ്യാപാരി ഭാര്യയേയും പെണ്‍മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ്.
സംഭവത്തെ കുറിച്ച് ഡെപ്യൂടി പൊലീസ് കമിഷണര്‍ സഞ്ജയ് സെയിന്‍ പറയുന്നത്:
ഇസ് റാര്‍ അഹ് മദ്(40), ഭാര്യ ഫഹ്‌റീന പര്‍വീണ്‍ (35), മക്കളായ യാഷ്ഫിക (11), ഇനായ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. വീടിന്റെ മൂന്നാം നിലയിലെ കിടപ്പുമുറിയില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ഇസ് റാര്‍ അഹ് മദിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ജാഫ്രാബാദ് ഏരിയയില്‍ ജീന്‍സ് വ്യാപാരം നടത്തുകയായിരുന്നു ഇസ് റാര്‍ അഹ് മദ്. ബിസിനസിലുണ്ടായ നഷ്ടവും ഐപിഎല്‍ വാതുവെപ്പില്‍ ഏര്‍പെട്ട് കോടിക്കണക്കിന് രൂപ കടക്കെണിയിലും ആയതോടെ മൂന്ന് മാസംമുമ്പ് ഇസ്രാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി കുടുംബം മെഴി നല്‍കിയിരുന്നു. തന്റെ സ്വത്തുക്കളില്‍ ചിലത് അദ്ദേഹം വിറ്റിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
ഇയാള്‍ മുമ്പ് സഊദി അറേബ്യയില്‍ ഒരു കട നടത്തിയിരുന്നു. 2018 ല്‍ തിരിച്ചെത്തിയ ശേഷം മുംബൈയില്‍ ജീന്‍സ് വ്യാപാരം നടത്തിവരികയായിരുന്നു. സഊദി അറേബ്യയില്‍ ആയിരുന്നപ്പോഴും ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയിരുന്നു. ഐപിഎല്‍ വാതുവെപ്പില്‍ ഇസ് റാറിന്റെ ഭാര്യാ സഹോദരനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇസ് റാറിന്റെ മൂത്ത മകന്‍ അമ്മാവനെ മരണ വിവരം അറിയിക്കുകയായിരുന്നു. ഇസ് റാറിന്റെ സഹോദരനും പിതാവും അപാര്‍ട്മെന്റിലെ അതേ നിലയിലാണ് താമസിക്കുന്നത്. മൂത്ത മകന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. കുട്ടിയുടെ ഇളയ സഹോദരന്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്നു.
കൊലപാതകത്തിന് ശേഷം റെകോര്‍ഡുചെയ്ത ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, തന്റെ ആണ്‍മക്കള്‍ക്ക് താനില്ലെങ്കിലും ജീവിക്കാനറിയാമെന്നും എന്നാല്‍ പെണ്‍മക്കള്‍ക്ക് താനില്ലാതെ ജീവിതം മുന്നോട്ട് പോകാനാകില്ലെന്നും അതിനാല്‍ അവരെയും കൊല്ലുകയാണെന്ന് പറയുന്നുണ്ട്. ഇതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.