ലന്‍ഡന്‍: (www.kvartha.com) ബ്രിടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവെച്ചു. കണ്‍സര്‍വേറ്റിസ് പാര്‍ടി നേതൃസ്ഥാനവും ബോറിസ് ജോണ്‍സന്‍ രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്.
അതുവരെ കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ജോണ്‍സനും രാജിവെക്കാന്‍ തയാറായത്.
'പാര്‍ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരെ വന്‍ എതിര്‍പുകള്‍ ഉയരാന്‍ ഇടയാക്കി. തുടര്‍ന്ന് പാര്‍ടിനേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതില്‍ വിശ്വാസ വോടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ 359 എംപി മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റിവ് പാര്‍ടിക്കുള്ളത്. അതില്‍ 54 എം പിമാര്‍ ജോണ്‍സനെതിരെ വിശ്വാസവോടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്‍സന്‍ പുറത്തു പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോടെടുപ്പില്‍ ബോറിസ് ജോണ്‍സന്‍ 211 എംപിമാരുടെ പിന്തുണയോടെ വിയിച്ചു. 148 പേരാണ് എതിര്‍ത്ത് വോട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോടായിരുന്നു വേണ്ടിയിരുന്നത്.
ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് പിന്നാലെ ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂടി ചീഫ് വിപായി നിയമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഇക്കാര്യത്തില്‍ ബോറിസ് ജോണ്‍സന്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയില്‍നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. മന്ത്രിമാരെ കൂടാതെ സര്‍കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളംപേര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
Keywords: Boris Johnson resigns UK PM, says regret to not have been successful, London, News, Prime Minister, Resignation, Trending, Controversy, World, Politics.