പയ്യന്നൂര്‍: (www.kvartha.com) ബോംബെറുണ്ടായ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രഭവന്‍ മിസോറാം മുന്‍ ഗവര്‍നറും മുതിര്‍ന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ഉന്മൂലന പ്രതികാര രാഷ്ട്രീയമാണ് സിപിഎം നടപ്പാക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. പയ്യന്നൂരില്‍ ബോംബെറില്‍ തകര്‍ന്ന ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രഭവന്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തമൊഴുക്കി അതില്‍ കൈമുക്കി മുദ്രാവാക്യം വിളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അക്രമികളെ സിപിഎമും പൊലീസും കയറൂരി വിട്ടിരിക്കുന്നുവെന്നും പൊലീസിന്റെ കൈകള്‍ രാഷ്ട്രീയ ബന്ധിതമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ദേശീയ പാതയുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കുമ്മനം വ്യക്തമാക്കി. ദേശീയ പാത പരിപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിന്റെ ചുമതല സംസ്ഥാന സര്‍കാരിനാണ്.
എന്നാല്‍ അറ്റകുറ്റപ്പണിക്കായി കേന്ദ്രം നല്‍കുന്ന തുക സംസ്ഥാന സര്‍കാര്‍ വകമാറ്റി ചിലവഴിക്കുകയാണെന്നും മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും മനസില്‍ മുഴുവന്‍ കുണ്ടും കുഴിയുമാണെന്നും കുമ്മനം കുറ്റപെടുത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസും മറ്റു നേതാക്കളും അദ്ദേഹത്തോടൊപമുണ്ടായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേരത്തെ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചിരുന്നു.