തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കഴക്കൂട്ടം സന്ദര്‍ശനം ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സാധാരണഗതിയില്‍ കേരളത്തില്‍ അധികം വരുന്ന ആളല്ല എസ് ജയശങ്കര്‍. ഇപ്പോള്‍ ഇവിടെ വരികയും സംസ്ഥാനത്തിന്റെ ചില വികസനപദ്ധതികള്‍ കാണുകയും ചെയ്തു. അത് നല്ലതാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു ദുരുദ്ദേശമുണ്ടെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്രസര്‍കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിന് അനുവദിച്ച പാലക്കാട് കോച് ഫാക്ടറിയെക്കുറിച്ച് അനക്കമില്ല. കേന്ദ്ര റെയില്‍വേ വകുപ്പുതന്നെ കേരളത്തില്‍ പ്രഖ്യാപിച്ചതാണ് റെയില്‍വേ മെഡികല്‍ കോളജ്. അത് പറഞ്ഞത് തന്നെ ആര്‍ക്കും ഓര്‍മയില്ലാതായി. ഇങ്ങനെയുള്ള നിരവധി വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. റെയില്‍വേ പദ്ധതികളില്‍ തലശ്ശേരി - മൈസൂര്‍ റെയില്‍വേ, നഞ്ചങ്കോട് - നിലമ്പൂര്‍ റെയില്‍വേ എന്നിവ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പാക്കിയില്ല.
ബിജെപി ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ഇതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ ഇതിനെ തടയാനെന്ന നിലയില്‍ ഇസ്ലാമിക മൗലികവാദം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിനുപിന്നില്‍. രണ്ട് കൂട്ടരും ചേര്‍ന്ന് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഇസ്ലാമിക മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടും എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇസ്ലാമിക സംഘടനകളെ യുഡിഎഫിന്റെ കുടക്കീഴില്‍ നിര്‍ത്താനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടംമുതല്‍ ഉണ്ടായതാണിത്. കഴിഞ്ഞ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ അത് പ്രകടമായി. ഈ നീക്കത്തെ തുറന്നുകാണിക്കും. രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനം ഉണ്ടാക്കുന്ന അപകടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ടി തുറന്നുകാണിക്കും.
രാജ്യം അപകടകരമായ നിലയിലേക്കാണ് പോകുന്നത്. പാര്‍ലമെന്റില്‍ നിരവധി വാക്കുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ്. പാര്‍ലമെന്റില്‍ അംഗങ്ങള്‍ എന്ത് സംസാരിക്കണമെന്ന് നിശ്ചയിക്കുന്ന സ്ഥിതി ഭാവിയില്‍ ഇവിടെയുണ്ടാകും. അടിയന്തരാവസ്ഥക്കാലത്തുപോലും സംഭവിക്കാത്ത അവസ്ഥയാണിത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു. സര്‍കാര്‍ താല്‍പര്യം മാത്രം പ്രചരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍. ജനങ്ങള്‍ അതിന് പകരം വഴികള്‍ കണ്ടുപിടിക്കുമെന്നും കോടിയേരി പറഞ്ഞു.