പാലക്കാട്: (www.kvartha.com) അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങിയതായി ആരോപണം. ഉണ്ടായിരുന്ന മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 10 രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയെന്നാണ് വിവരം.
ആശുപത്രിയില്‍ വെള്ളം എത്താതായിട്ട് രണ്ട് ദിവസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍ വെള്ളം മുടങ്ങാന്‍ കാരണം മോടോറില്‍ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം. അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ മാത്രമാണ് മുടങ്ങിയതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ഇതിനിടെ ശസ്ത്രക്രിയകള്‍ മുടങ്ങിയ വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു. വൈദ്യുതി മന്ത്രിമാരുമായി ചര്‍ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെഎസ്ഇബി പറഞ്ഞു. കുടിവെള്ള വിതരണം 10 മണിയോടെ സാധാരണ നിലയിലാകും. അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങില്ല. ഏകോപനത്തിനായി കലക്ടറെ ചുമതലപ്പെടുത്തി.