Attapadi Infant Death | അട്ടപ്പാടി ശിശുമരണ വിവാദം; സര്‍കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല, പ്രതിപക്ഷം തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി രാധാകൃഷ്ണന്‍

 


പാലക്കാട്: (www.kvartha.com) അട്ടപ്പാടിയിലെ ശിശുമരണ വിവാദത്തില്‍ സര്‍കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണന്‍. ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഈ പ്രദേശത്ത് റോഡ് നിര്‍മാണം പ്രയാസമായിരുന്നു. ഇതേതുടര്‍ന്ന് തൂക്കുപാലം നിര്‍മിച്ചു നല്‍കി. ഇക്കാര്യത്തില്‍ പ്രതിപക്ഷം സഭയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു, പ്രത്യേകിച്ചും എം എല്‍ എ എന്നും മന്ത്രി കുറ്റപ്പെടുത്തി.

Attapadi Infant Death | അട്ടപ്പാടി ശിശുമരണ വിവാദം; സര്‍കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല, പ്രതിപക്ഷം തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി രാധാകൃഷ്ണന്‍


സംസ്ഥാനത്ത് ആകെ 100ല്‍ അധികം ഊരുകളില്‍ റോഡ് സൗകര്യം ഇല്ലെന്ന് മന്ത്രി പറഞ്ഞു. മുത്തങ്ങ സമരം ആരും മറന്നിട്ടില്ലെന്നും വംശഹത്യ ആരോപണത്തില്‍ മന്ത്രി തിരിച്ചടിച്ചു. അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിച്ചിരുന്നു.

വകുപ്പുകളുടേത് അല്ലാത്ത പ്രശ്‌നങ്ങള്‍ക്ക് സര്‍കാരിനെ പഴി ചാരുകയാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല. 162 സാമൂഹ്യ അടുക്കളകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആദിവാസി ഊരുകളില്‍ നിന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ബാക്കിയുള്ളവ നിര്‍ത്തിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്‌നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

എന്‍ ശംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോടിസ് നല്‍കിയത്. ഉത്തരേന്‍ഡ്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. സര്‍കാരിന്റെ തികഞ്ഞ അനാസ്ഥയാണിത്. സര്‍കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു. 2018 ലും 30 ലേറെ ശിശു മരണങ്ങള്‍ ഉണ്ടായി. ഒരു മാസത്തിനിടെ നാല് കുട്ടികള്‍ മരിച്ചു. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല.

അദ്ദേഹം സംസാരിക്കുന്ന വേളയില്‍ കോട്ടത്തറ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും മതിയായ ജീവനക്കാരില്ലെന്നും ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാമര്‍ശിച്ചു. അവിടേക്ക് അനുവദിച്ച 12 കോടി രൂപ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്ന ആക്ഷേപവും ഉന്നയിച്ചു.

എന്നാല്‍ മഴ മൂലം റോഡില്‍ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോള്‍ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വിശദീകരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നു. ആദിവാസി ഊരില്‍ വാഹന സൗകര്യ കുറവ് പരിഹരിക്കാന്‍ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഊരുകളിലെ ഗതാഗത പ്രശ്‌നം തീര്‍ക്കാന്‍ പ്രത്യേക പാകേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കര്‍മ പദ്ധതി തയാറാക്കിയാണ് സര്‍കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി.

അതേസമയം, അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ 'ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ, എംഎല്‍എമാര്‍ സ്ഥലം സന്ദര്‍ശിക്കണ'മെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും തുടര്‍ന്ന് നിയമസഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ സ്പീകറും മുഖ്യമന്ത്രിയും ഇടപെട്ട് ആരോഗ്യ മന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് അറിയിച്ചു.

ഇതിനു മറുപടി പറയാനായി എഴുന്നേറ്റ മന്ത്രി വീണാ ജോര്‍ജ് തുക വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു. മതിയായ സൗകര്യങ്ങള്‍ കോട്ടത്തറ ആശുപത്രിയില്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും 117 താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി നടപടിയെടുത്തതടക്കം മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനിടയില്‍ വീണ്ടും പ്രതിപക്ഷ നിരയില്‍നിന്ന് ബഹളം ഉണ്ടായി. അപ്പോള്‍ 'ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങള്‍ അവിടെപ്പോയി സന്ദര്‍ശിച്ചിട്ടുണ്ടോ' എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോള്‍ 'അവിടെ പോയതിനു ശേഷം ആരോപണം ഉന്നയിക്കൂ' എന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നും ഭരണ പ്രതിപക്ഷ ബഹളം ഉണ്ടായപ്പോള്‍ സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീകര്‍ ആവശ്യപ്പെട്ടു.

Keywords: Attapadi infant death controversy; Government departments have not fallout, Opposition is trying to mislead: Minister Radhakrishnan, Palakkad, News, Politics, Health, Health and Fitness, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia