'രണ്ട് പേര്‍ മോളില്‍ പ്രവേശിച്ച് തറയിലിരുന്ന് മതപരമായ പ്രാർഥനകള്‍ നടത്താന്‍ തുടങ്ങി. മോളിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പൊലീസിന് കൈമാറിയതിന് ശേഷം അറസ്റ്റ് ചെയ്തു' ഡെപ്യൂടി പൊലീസ് കമീഷണറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
മോളില്‍ നിസ്‌കരിച്ചതായി ആരോപിക്കുന്ന ഒരു കൂട്ടം അജ്ഞാതര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസമുണ്ടായത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ പ്രവൃത്തി എന്നീ വകുപ്പുകള്‍ പ്രകാരമാണ്, നിസ്‌കരിച്ചവര്‍ക്കെതിരെ കേസ് എടുത്തത്.
ഒരു സംഘം ആളുകള്‍ മോളില്‍ നിസ്‌കരിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം ഉണ്ടായത്. മോളിനുള്ളില്‍ ആളുകള്‍ നിസ്‌കരിക്കുന്നതിനെ ഒരു വലതുപക്ഷ സംഘടന എതിര്‍ക്കുകയും അവിടെ ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി തേടുകയും ചെയ്‌തെങ്കിലും അത് നിരസിക്കപ്പെട്ടു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ജൂലൈ 10ന് സംസ്ഥാന തലസ്ഥാനമായ ലക്‌നൗവില്‍ ലുലു മോള്‍ ഉദ്ഘാടനം ചെയ്തത്. യുഎഇ ആസ്ഥാനമായുള്ള കോടീശ്വരനായ എം എ യൂസഫലിയുടെ ലുലു ഗ്രൂപിന്റെ ലക്‌നൗവിലെ മോള്‍ ഉത്തരേൻഡ്യയിലെ ഏറ്റവും വലിയ മോളാണെന്ന് പറയുന്നു.