Follow KVARTHA on Google news Follow Us!
ad

HC Orders | നടിയെ ആക്രമിച്ച കേസ്: 22 നകം അനുബന്ധ കുറ്റപത്രം സമര്‍പിക്കണമെന്ന് ഹൈകോടതി ഉത്തരവ്

Actress assault case; HC order to submit supplementary charge sheet by 22#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈം ബ്രാഞ്ച് സമര്‍പിച്ച ഹര്‍ജി പരിഗണിച്ച് ഹൈകോടതി. അനുബന്ധ കുറ്റപത്രം സമര്‍പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പിക്കാന്‍ കോടതി ഉത്തരവിട്ടു. 

125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത് 80 ഓളം പേരെയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കല്‍ എത്തി എന്ന് തന്നെയാണ് കുറ്റപത്രത്തിലുളളത്. വിഐപി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ച് നല്‍കിയത് ശരത്താണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നത്.

ഐപിസി സെക്ഷന്‍ 201, 202 വകുപ്പുകള്‍ പ്രകാരം തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ശരത്തിനെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി.

നേരത്തേ കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ശരത്തിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമഗൂഢാലോചന കേസിലും ഇയാള്‍ ആറാം പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ നേര്‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങള്‍ സംബന്ധിച്ച് ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു.

2017 ഡിസംബര്‍ 30നാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തിയെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപോര്‍ടിലുണ്ട്. 

കേസില്‍ ഒരു വിഐപി ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ശരത്തിലേക്ക് എത്തിയത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമറി കാര്‍ഡുപയോഗിച്ച് ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. 2017 ഫെബ്രുവരി 18നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13ന് ഈ ദൃശ്യം വീണ്ടും കണ്ടതായാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കിയിട്ടുള്ളത്.

കോടതി ആവശ്യത്തിന് ഈ ഫയല്‍ ഓപന്‍ ആക്കിയാല്‍ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫെബ്രുവരിയിലാണ്. ഇതാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.

News,Kerala,State,High Court of Kerala,Case, Actress assault case; HC order to submit supplementary charge sheet by 22


വിചാരണകോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമറി കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറന്‍സിക് റിപോര്‍ടില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാല്‍ പറഞ്ഞു. ഫൊറന്‍സിക് റിപോര്‍ട് കോടതില്‍ സമര്‍പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍. 

മെമറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ആരുടേതാണ്, അതിന്റെ ടവര്‍ ലൊകേഷന്‍ എവിടെയാണ്, അന്ന് ഈ ടവര്‍ ലൊകേഷനില്‍ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. ഇതിന്റെ പേരില്‍  കോടതിയെ സംശയത്തില്‍ നിര്‍ത്തുന്നത് ശരിയല്ല. ഈ ദൃശ്യങ്ങള്‍ കാണാന്‍ തനിക്ക് പ്രത്യേകിച്ച് താല്‍പര്യം ഒന്നുമില്ല. ദൃശ്യങ്ങള്‍ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും വേണ്ട എന്നായിരുന്നു തന്റെ മറുപടി. 

കേസിന്റെ  വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്.  നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതില്‍ എന്തായി തീരുമാനമെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തന്നെ ഹൈകോടതിയെ സമീപിച്ചിരുന്നു.

Keywords: News,Kerala,State,High Court of Kerala,Case, Actress assault case; HC order to submit supplementary charge sheet by 22


Post a Comment