കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപോര്‍ട് വെള്ളിയാഴ്ച സമര്‍പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അറിയിച്ചു. കേസിലെ തെളിവുകള്‍ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ കൂടി ദിലീപിനെതിരെ ചുമത്തും.
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കൂടി പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈം ബ്രാഞ്ച് സമര്‍പിച്ച ഹര്‍ജി പരിഗണിച്ച് ഹൈകോടതി. അനുബന്ധ കുറ്റപത്രം സമര്‍പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പിക്കാന്‍ കോടതി ഉത്തരവിട്ടു.
125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത് 80 ഓളം പേരെയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കലെത്തിയെന്ന് തന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐപി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ച് നല്‍കിയത് ശരത്താണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നത്.
ഐപിസി സെക്ഷന്‍ 201, 202 വകുപ്പുകള്‍ പ്രകാരം തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ശരത്തിനെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി.
നേരത്തേ കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ശരത്തിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമഗൂഢാലോചന കേസിലും ഇയാള്‍ ആറാം പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ നേര്‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങള്‍ സംബന്ധിച്ച് ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു.
2017 ഡിസംബര്‍ 30 നാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തിയെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപോര്‍ടിലുണ്ട്.
കേസില്‍ ഒരു വിഐപി ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ശരത്തിലേക്ക് എത്തിയത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു.
Keywords: News,Kerala,State,Kochi,Dileep,Case,Court,Trending,Top-Headlines, Actress assault case: Further investigation report to be submitted on Friday, More charges against Dileep