കൊച്ചി: (www.kvartha.com) തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നേരിടേണ്ടി വന്നത് വ്യാപകമായ സൈബര്‍ ആക്രമണമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. പിടി തോമസിനേയും തന്നേയും അവഹേളിച്ചുള്ള ആക്രമണം പുച്ഛിച്ച് തള്ളുന്നുവെന്നും ഉമ പറഞ്ഞു. 'ഒരു സ്ത്രീ എന്ന നിലയില്‍ ആദ്യം തന്നെ ഒരുപാട് അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ഉയര്‍ന്ന ആദ്യത്തെ കമന്റിനെ കുറിച്ചും ഉമ പറഞ്ഞു. ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയില്‍ ചാടിയായിരുന്നു ശീലം, എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കാണ് എടുത്തുചാടുന്നതെന്നായിരുന്നു അത്. ഇത്തരം കമന്റുകള്‍ വളരെ മോശപ്പെട്ടതാണ്. വിധവകളായ സ്ത്രീകള്‍ ഒരിക്കലും മുന്നോട്ട് വരരുതെന്നാണ് അവരുടെ ചിന്താഗതിയെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണെന്നും ഉമ പറഞ്ഞു.
പിടിയുടെ മരണം ഒരു സൗഭാഗ്യമായി കണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്റെ ഭര്‍ത്താവിന്റെ മരണം മുഖ്യമന്ത്രി ഒരു സൗഭാഗ്യമായിട്ടാണ് കണ്ടതെങ്കില്‍ അതില്‍ വലിയ വിഷമമുണ്ട്. ഇപ്പോള്‍ ഞാന്‍ പിടിക്കു ഭക്ഷണം മാറ്റി വയ്ക്കുന്നതാണ് ആളുകളുടെ പ്രശ്‌നം. അതെന്റെ സ്വകാര്യ കാര്യമാണ്. എന്റെ പിടിക്ക് വേണ്ടി എന്തു ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. അതിലൊന്നും ആരും കൈ കടത്തേണ്ടതില്ലെന്നും ഉമ പറഞ്ഞു.
പിടിക്ക് ഞാന്‍ ഭക്ഷണം മാറ്റിവയ്ക്കുന്നു, അതുകൊണ്ട് വോടു ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ ആക്രമിക്കുന്നത് വളരെ മോശമാണ്. അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയുന്നുവെന്നും ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നവരോട് പുച്ഛമാണ് തോന്നുന്നതെന്നും ഉമ പറഞ്ഞു.
Keywords: Uma Thomas reacts cyber attacks against her, Kochi, News, Politics, By-election, Kerala.