Barakah Nuclear Plant | ബറാക ആണവോര്‍ജ പ്ലാന്റ്: 3-ാം യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ; മറ്റൊരു ചരിത്ര നിമിഷമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധി ഹമദ് അൽ ക'അബി

 



അബൂദബി: (www.kvartha.com) അബൂദബിയിലെ ബറാക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂനിറ്റിന് പ്രവര്‍ത്തനാനുമതി ലഭിച്ചു.  യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷനാണ് 60 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള  ലൈസന്‍സ് നല്‍കിയത്. ബറാക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂനിറ്റ് കമീഷന്‍ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. 

റിയാക്ടര്‍ ഡിസൈന്‍, കൂളിംഗ് സംവിധാനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പ്, റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം, മറ്റ് സാങ്കേതിക വശങ്ങള്‍ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. 

14,000 പേജുള്ള ലൈസന്‍സ് അപേക്ഷയാണ് മൂന്ന്, നാല് യൂനിറ്റുകളുടെ പ്രവര്‍ത്തന അനുമതിക്കായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന് മുന്നിലെത്തിയത്. ഇത് വിശദമായി അവലോകനം ചെയ്ത് 120-ലധികം പരിശോധനകള്‍ നടത്തിയിരുന്നു. പിന്നീട് റിയാക്റ്റര്‍ ഡിസൈന്‍, സുരക്ഷ, മറ്റ് പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുകയും ചെയ്തു. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് മൂന്നാം യൂനിറ്റിന് ഇപ്പോള്‍ അനുമതി നല്‍കിയത്. 

നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ രണ്ട് യൂനിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഇവിടുത്തെ ആദ്യ യൂനിറ്റിനും പിന്നീട് 2021 മാര്‍ചില്‍ രണ്ടാം യൂനിറ്റിനും പ്രവര്‍ത്തന അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് അനുവദിച്ച മൂന്നാം യൂനിറ്റിന് പുറമെ നാലാമതൊരു യൂനിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92 ശതമാനം പൂര്‍ത്തിയായി വരികയാണ്. നിലയത്തിന്റെ ആകെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായെന്നാണ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരിക്കുന്നത്.

Barakah Nuclear Plant | ബറാക ആണവോര്‍ജ പ്ലാന്റ്: 3-ാം യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ; മറ്റൊരു ചരിത്ര നിമിഷമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധി ഹമദ് അൽ ക'അബി


യുഎഇയ്ക്കിത് മറ്റൊരു ചരിത്ര നിമിഷമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ യുഎഇയില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ഡെപ്യൂടി ചെയര്‍മാനുമായ അംബാസഡര്‍ ഹമദ് അൽ ക'അബി പറഞ്ഞു. 14 വര്‍ഷത്തെ പരിശ്രമമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. 

Keywords:  News,World,international,Abu Dhabi,Gulf,UAE,Nuclear,Top-Headlines, UAE: Barakah nuclear power plant gets Unit 3 operating licence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia