തൃപ്പൂണിത്തുറ: (www.kvartha.com) തൃപ്പൂണ്ണിത്തുറയില്‍ പണി പൂര്‍ത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസ്. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഈ വകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്താമോ എന്നത് കലക്ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ജലസേചന വകുപ്പിനെയും മന്ത്രി വിമര്‍ശിച്ചു. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രടറിയോട് അടിയന്തര റിപോര്‍ട് തേടിയെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച പുലര്‍ചെയാണ് പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ എത്തിയ വിഷ്ണുവെന്ന യുവാവ് മരിച്ചത്. ബൈകില്‍ സഞ്ചരിച്ച വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.