Thrikkakara byelection | തൃക്കാക്കരയില്‍ കരുത്ത് തെളിയിച്ച് ഉമാ തോമസ്; ലീഡ് 10,000 കടന്നു; യുഡിഎഫ് ക്യാംപില്‍ വിജയാഘോഷം; തോല്‍വി സമ്മതിച്ച് സിപിഎം
Jun 3, 2022, 11:03 IST
കൊച്ചി: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ലീഡ് 10,000 കടന്ന് വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. 11,008 വോടുകളുടെ ലീഡാണ് ഇപ്പോള്‍ ഉമ തോമസിനുള്ളത്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ തോമസും യുഡിഎഫും.
ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് ക്യാംപില്‍ ഇതിനോടകം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചു.
അഞ്ചാം റൗന്‍ഡ് എണ്ണികൊണ്ടിരുന്നപ്പോള്‍ തന്നെ ഉമാ തോമസിന്റെ ലീഡ് 9,700 കടന്നിരുന്നു. വോടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് ഉമാ തോമസിന്റെ ഇത്ര വലിയ മുന്നേറ്റം. ഭരണത്തിനെതിരായ വികാരമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.
എല്‍ഡിഎഫ് ക്യാംപില്‍ നിരാശയാണ്. നഗര കേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി നേരിട്ടു. പോളിംഗ് കുറഞ്ഞ ബൂതുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍.
അതേസമയം, ഉമാ തോമസിന്റെ ലീഡ് 10000 കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രടറി സി എന്‍ മോഹനന്‍ രംഗത്തെത്തി. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമിറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി എന്‍ മോഹനന്‍ ന്യായീകരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.