കൊച്ചി: (www.kvartha.com) കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വളരെയേറെ സ്വാധീനിക്കുന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. വലിയ ഭരണമാറ്റങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും രാഷ്ട്രീയ കേരളം തൃക്കാക്കരയെ ഉറ്റുനോക്കുകയാണ്. വോടെണ്ണല്‍ പുരോഗമിക്കുകയാണ്.
മൂന്നാം റൗന്‍ഡിലേക്ക് കടക്കുമ്പോള്‍ ഉമാ തോമസിന് 6000 കടന്ന് വോടിന്റെ ലീഡ്. 2021ല്‍ പിടിക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി വോടിന്റേതാണ് ലീഡ്. കൊച്ചി കോര്‍പറേഷന്‍ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോടെണ്ണലാണ് ആദ്യ റൗന്‍ഡില്‍ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
പി ടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ എന്‍ രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.
രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്ന് ബാലറ്റ് യൂനിറ്റുകള്‍ വോടെണ്ണല്‍ മേശകളിലേക്ക് മാറ്റി. എട്ടിനാണ് യന്ത്രങ്ങളുടെ സീല്‍ പൊട്ടിച്ച് എണ്ണിത്തുടങ്ങിയത്. വോടെണ്ണലിന് 21 കൗന്‍ഡിങ് ടേബിളുകളുണ്ട്. 11 പൂര്‍ണ റൗന്‍ഡുകള്‍, തുടര്‍ന്ന് അവസാന റൗന്‍ഡില്‍ എട്ട് യന്ത്രങ്ങള്‍. ആദ്യ അഞ്ച് റൗന്‍ഡ് പൂര്‍ത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ച് മത്സരമാണെങ്കില്‍ മാത്രം ഫോടോ ഫിനിഷിനായി കാത്തിരുന്നാല്‍ മതി.
സില്‍വര്‍ ലൈന്‍ അടക്കമുള്ള വികസന പദ്ധതികളുമായി പ്രതിഷേധക്കാരെ തഴഞ്ഞ് മുന്നോട്ട് പോകുന്ന ഇടതുമുന്നണിക്ക് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണിത്. അതേസമയം, രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോണ്‍ഗ്രസിനും യുഡിഎഫിനും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ മികച്ച ഭൂരിപക്ഷത്തിലെ വിജയവും ആവശ്യമാണ്.
എന്തുതന്നെ ആയാലും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്പടിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.