KV Thomas | തൃക്കാക്കരയില്‍ ഇടതിന് സെഞ്ചുറി നഷ്ടമായെങ്കിലും തോറ്റ് തൊപ്പിയിട്ടത് കെവി തോമസാണ്; മുന്നണി പ്രവേശനം കൊണ്ട് മുന്നേറ്റമുണ്ടാക്കാനായില്ല

 


തിരുവനന്തപുരം: (www.kvartha.com) തൃക്കാക്കര കൊല്ലങ്ങളായി വലതിനൊപ്പമായതിനാല്‍ ഉപതെരഞ്ഞെടുപ്പ് പരാജയം ഇടതുമുന്നണിക്കല്ല, കെവി തോമസിനാണ് തിരിച്ചടിയായിരിക്കുന്നത്. കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കെവി തോമസ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പാണ് മറുകണ്ടം ചാടിയത്.

 KV Thomas | തൃക്കാക്കരയില്‍ ഇടതിന് സെഞ്ചുറി നഷ്ടമായെങ്കിലും തോറ്റ് തൊപ്പിയിട്ടത് കെവി തോമസാണ്; മുന്നണി പ്രവേശനം കൊണ്ട് മുന്നേറ്റമുണ്ടാക്കാനായില്ല

യുഡിഎഫ് ശക്തിയുക്തം എതിര്‍ക്കുന്ന കെ റെയിലിനെ പിന്തുണയ്ക്കുകയും ചെയ്തു. ഏഴ് തവണ തൃക്കാക്കര ഉള്‍പ്പെടുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്ന തോമസ് മാഷിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാതെ പോയി എന്നത് രാഷ്ട്രീയമായി മാത്രമല്ല, വ്യക്തിപരമായും തിരിച്ചടിയാണ്.

കോണ്‍ഗ്രസ് അധ്യക്ഷയുടെ എതിര്‍പ്പ് മറികടന്ന് സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണ് കെവി തോമസും യുഡിഎഫും അകന്നത്. അദ്ദേഹത്തിനെതിരെ വലിയ അച്ചടക്കനടപടിയും ഉണ്ടായില്ല. അതിനാല്‍ കോണ്‍ഗ്രസില്‍ തുടരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ, ഏവരെയും ഞെട്ടിച്ചുകൊണ്ട് ഉമ തോമസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവരികയും എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ കെപിസിസി കെവി തോമസിനെ പുറത്താക്കുകയായിരുന്നു.

മണ്ഡലത്തില്‍ സഭാനേതൃത്വവുമായും മറ്റുള്ളവരുമായും വ്യക്തിബന്ധമുള്ള കെവി തോമസിന്റെ വരവ് ഇടത് മുന്നണിക്ക് യാതൊരു ഗുണവും ചെയ്തില്ല. കോണ്‍ഗ്രസിനെ അദ്ദേഹം ചതിച്ചെന്നായിരുന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആരോപണം. തെരഞ്ഞെടുപ്പ് പരിപാടികളില്‍ അദ്ദേഹം യുഡിഎഫിനെതിരെ ആരോപണങ്ങളുന്നയിക്കുകയും പാലാരിവട്ടം പാലം അഴിമതി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തെങ്കിലും ഏശിയില്ല. കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ കെവി തോമസിനെതിരെ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം നടത്തിയ അധിക്ഷേപങ്ങളും ആരോപണങ്ങളും യുഡിഎഫുകാര്‍ സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ചയാക്കിയിരുന്നു.

പിണറായി വിജയന്റെ ആശീര്‍വാദത്തോടെയാണ് കെവി തോമസ് ഇടതുമുന്നണിയിലെത്തിയത്. അതിനാല്‍ മുഖ്യമന്ത്രി അദ്ദേഹത്തെ കൈവെടിയില്ലെന്ന് ഉറപ്പാണ്. പക്ഷെ, രാഷ്ട്രീയമായി ഉണ്ടായ തിരിച്ചടിയും നാണക്കേടും വലിയ നഷ്ടം തന്നെയാണ്. കോണ്‍ഗ്രസുകാര്‍ സിപിഎമിനേക്കാള്‍ കൂടുതല്‍ കടന്നാക്രമിക്കുന്നത് കെവി തോമസിനെയാണ്. ഇതില്‍ നിന്നൊക്കെ അദ്ദേഹത്തിന് കരകയറാന്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹത്തിന് കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Keywords: Thrikkakara BY- Election: A big set back for KV Thomas, Thiruvananthapuram, News, Politics, Congress, CPM, By-election, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia