ചെന്നൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡവില്‍പന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 16 കാരിയുടെ അണ്ഡം വില്‍പന നടത്തിയതിന് കുട്ടിയുടെ അമ്മ എസ് ഇന്ദിരാണി എന്ന സുമിയ (38), രണ്ടാനച്ഛന്‍ എ സെയ്ദ് അലി(40), ഇടനിലക്കാരി കെ മാലതി(36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
സംഭവത്തെ കുറിച്ച് ഈറോഡ് സൗത് പൊലീസ് പറയുന്നത് ഇങ്ങനെ: പിതാവിനെ ഉപേക്ഷിച്ച് മാതാവ് കഴിഞ്ഞ 13 വര്‍ഷമായി എ സെയ്ദ് അലി ക്കൊപ്പമാണ് താമസിക്കുന്നതെന്ന് 16 കാരി നല്‍കിയ പരാതിയില്‍ പറയുന്നു. 12-ാം വയസ് മുതല്‍ സെയ്ദ് അലി അവളുടെ അമ്മയുടെ സാന്നിധ്യത്തില്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചു.
തുടര്‍ന്ന് അമ്മയും ഇടനിലക്കാരിയും ചേര്‍ന്ന് തന്നെ വിവിധ ആശുപത്രികളില്‍ കൊണ്ടുപോയി അണ്ഡം വില്‍കുകയായിരുന്നു. ഒരു അണ്ഡത്തിന് 20000 രൂപ വരെയാണ് വിലയെന്നും 5000 രൂപ ഇടനിലക്കാര്‍ക്ക് നല്‍കണമെന്നും 2017 മുതല്‍ നാല് വര്‍ഷത്തിനിടെ താന്‍ എട്ട് തവണ അണ്ഡം വില്‍പന നടത്തിയിട്ടുണ്ടെന്നും ഇതാരോടും പറയരുതെന്ന് അമ്മയും രണ്ടാനച്ഛനും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ മാസം സേലത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതോടെ പെണ്‍കുട്ടി എല്ലാ വിവരവും അവരോട് പറയുകയായിരുന്നു. അവര്‍ നിര്‍ബന്ധിച്ചതിനാല്‍ ബന്ധുക്കളുടെ സഹായം തേടുകയും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
ഈറോഡ്, സേലം, പെരുന്തുറ, ഹോസുര്‍ എന്നിവടങ്ങളിലെ ആശുപത്രികള്‍ വഴിയാണ് വന്ധ്യതാ ചികിത്സയ്ക്കായി അണ്ഡം വില്‍പന നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ വയസ് കൂട്ടി, വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയാണ് സംഘം അണ്ഡവില്‍പന നടത്തിയിരുന്നത്. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ പുറത്തുവരുന്നത്.
രണ്ട് വര്‍ഷം മുമ്പ് നവജാത ശിശുവിനെ വില്‍പന നടത്തിയിരുന്ന സംഘത്തെ ഈറോഡില്‍ നിന്നും സേലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു.