Uddhav Thackeray | തന്റെ കരുത്ത് സാധാരണക്കാരായ പ്രവര്‍ത്തകര്‍; അവര്‍ കൂടെയുള്ളപ്പോള്‍ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കില്ല; പോകുന്നവര്‍ക്ക് പോകാം; പുതിയ ശിവസേന ഉണ്ടാക്കുമെന്ന് ഉദ്ധവ്

 


മുംബൈ: (www.kvartha.com) സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരാണ് തന്റെ കരുത്തെന്നും അവര്‍ കൂടെയുള്ളപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമായെടുക്കില്ലെന്നും പാര്‍ടി നേതാക്കളുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഉദ്ധവ് താകറെ.

അദ്ദേഹത്തിന്റെ വാക്കുകള്‍:

'ശിവസേന പ്രവര്‍ത്തകര്‍ എന്റെ കൂടെയുള്ളിടത്തോളം മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ ഞാന്‍ കാര്യമായി എടുക്കില്ല. ശിവസേനയെ സ്വന്തക്കാര്‍ തന്നെയാണ് ചതിച്ചത്. നിങ്ങളില്‍ പലര്‍ക്കും അര്‍ഹതയുണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങള്‍ അവര്‍ക്കാണ് സീറ്റ് നല്‍കിയത്. നിങ്ങളുടെ കഠിനാധ്വാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് ഈ ആളുകള്‍ ഇപ്പോള്‍ അസംതൃപ്തരാകുന്നത്.

മോശം സമയത്തും നിങ്ങള്‍ പാര്‍ടിക്കൊപ്പമുണ്ട്. വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ തട്ടിയെടുക്കാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നത്. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാമെന്ന് ഏക്‌നാഥ് ഷിന്‍ഡെയോടു പറഞ്ഞിരുന്നു. 

ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ എംഎല്‍എമാരുടെ സമ്മര്‍ദമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ എംഎല്‍എമാരെ എന്റെ അടുത്തേക്കു കൊണ്ടുവരാനും ചര്‍ച ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. പോകുന്നവര്‍ക്കു പോകാം, ഞാന്‍ പുതിയ ശിവസേനയെ ഉണ്ടാക്കും.'

ബിജെപി വളരെ മോശമായാണ് ശിവസേനയോടു പ്രതികരിച്ചിട്ടുള്ളത്. വാക്കുകളൊന്നും അവര്‍ പാലിച്ചില്ല. ഒരു ശിവസേന പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയാകുമെങ്കില്‍ നിങ്ങള്‍ക്ക് ബിജെപിക്കൊപ്പം പോകാം. എന്നാല്‍ ഉപമുഖ്യമന്ത്രിയാകാനാണെങ്കില്‍ അത് എന്നെക്കൊണ്ടും സാധിക്കും. 

എനിക്കു പാര്‍ടിയെ നയിക്കാന്‍ ശേഷിയില്ലെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ രാജിവയ്ക്കാന്‍ ഞാന്‍ തയാറാണ്. ശിവസേന എന്നത് ഒരു ആശയമാണ്. ഹിന്ദുവോട് ബാങ്ക് ആരുമായും പങ്ക് വയ്ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് അവര്‍ ശിവസേനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്' എന്നും ഉദ്ധവ് പറഞ്ഞു.

അതേസമയം ശിവസേന ദേശീയ എക്‌സിക്യൂടിവ് യോഗം ശനിയാഴ്ച ചേരും. ശിവസേന ഭവനില്‍ നടക്കുന്ന യോഗത്തില്‍ കോവിഡ് കാരണം ഉദ്ധവ് താകറെ വെര്‍ച്വലായി പങ്കെടുക്കും. ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയ 16 എംഎല്‍എമാര്‍ക്ക് പാര്‍ടി നോടിസ് അയച്ചേക്കും. നടപടിയെടുക്കാനുള്ള വിമതരുടെ പട്ടിക മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂടി സ്പീകര്‍ക്ക് അയച്ചിട്ടുണ്ട്.


Uddhav Thackeray | തന്റെ കരുത്ത് സാധാരണക്കാരായ പ്രവര്‍ത്തകര്‍; അവര്‍ കൂടെയുള്ളപ്പോള്‍ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കില്ല; പോകുന്നവര്‍ക്ക് പോകാം; പുതിയ ശിവസേന ഉണ്ടാക്കുമെന്ന് ഉദ്ധവ്


Keywords: 'Those Who Want Can Leave, Will Create A New Shiv Sena': Uddhav Thackeray, Mumbai, News, Politics, Trending, Shiv Sena, Meeting, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia