താമരശ്ശേരി: (www.kvartha.com) ലോറിയില്‍നിന്ന് റോഡിലേക്ക് ചിതറിയ പാറമണലില്‍ തെന്നിവീണ് ബൈക് യാത്രക്കാരായ അച്ഛനും മകനും പരിക്ക്. താമരശ്ശേരി കോരങ്ങാട് രാമേശ്വരംവീട്ടില്‍ ചന്ദ്രന്‍, മകന്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരും താമരശ്ശേരി ഗവ. താലൂകാശുപത്രിയില്‍ ചികിത്സതേടി.
താമരശ്ശേരി ചുങ്കം ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. പിറകിലെ വശം ശരിയായി അടയ്ക്കാതെ ദേശീയ, സംസ്ഥാന പാതകളിലൂടെ സര്‍വീസ് നടത്തിയ ടോറസ് ലോറിയാണ് അപകടത്തിനിടയാക്കിയതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. മറ്റ് വാഹനങ്ങളും മണലില്‍ തെന്നിയെങ്കിലും യാത്രികരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് പുല്ലാഞ്ഞിമേട് ഭാഗത്തുനിന്ന് ചുങ്കം വഴി കോരങ്ങാട് ഭാഗത്തേക്ക് പാറമണലുമായി ലോറി കടന്നുപോയത്. പിറകുവശത്തുനിന്ന് ചോര്‍ന്ന പാറമണല്‍ ദേശീയപാതയിലും സംസ്ഥാനപാതയിലും ചിതറിക്കിടന്നതാണ് അപകടഭീഷണിയുയര്‍ത്തിയത്.
വെള്ളം സഹിതം ചിതറിക്കിടന്ന പാറമണലിലെ ജലാംശം വറ്റിയതോടെ റോഡിലാകെ പൊടിപടലമുയരുകയും ചെയ്തുവെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ലോറി കോരങ്ങാട് റോഡരികില്‍ അല്പനേരം നിര്‍ത്തിയിടുകയായിരുന്നു.