Speaker MB Rajesh criticizes | അധികാരസ്ഥാപനങ്ങള്‍ക്കതിരായ വിമര്‍ശനത്തിന് പകരം പരദൂഷണമായി മാധ്യമപ്രവര്‍ത്തനം മാറുകയാണെന്ന് സ്പീകർ എം ബി രാജേഷ്; സാമാജികർക്കും വിമർശനം

 


തിരുവനന്തപുരം: (www.kvartha.com) അധികാരസ്ഥാപനങ്ങള്‍ക്കതിരായ വിമര്‍ശനത്തിനു പകരം പരദൂഷണ പ്രവര്‍ത്തനമായി മാധ്യമപ്രവര്‍ത്തനം പലപ്പോഴും മാറുകയാണെന്ന് സ്പീകർ എം ബി രാജേഷ്. ഇതു മാധ്യമങ്ങളുടെ ഒരു അപചയമാണ്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ലെജിസ്ലേചര്‍, ജുഡീഷ്യറി, എക്‌സിക്യൂടീവ് എന്നിവയ്ക്കു പുറമേ നാലാം തൂണായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ജീവവായു ആയ വിയോജിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തി അധികാരവിമര്‍ശനം നടത്തുന്നതുകൊണ്ടാണ്. ഭരണകൂടത്തെ വിമര്‍ശിക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തവും ചുമതലയുമാണ്. എന്നാല്‍ ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ മറക്കുകയോ ബോധപൂര്‍വം അവഗണിക്കുകയോ ചെയ്യുന്നത് വിമര്‍ശനവും അധിക്ഷേപവും പരദൂഷണവും തമ്മിലുള്ള വ്യത്യാസമാണെന്നും സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
  
Speaker MB Rajesh criticizes | അധികാരസ്ഥാപനങ്ങള്‍ക്കതിരായ വിമര്‍ശനത്തിന് പകരം പരദൂഷണമായി മാധ്യമപ്രവര്‍ത്തനം മാറുകയാണെന്ന് സ്പീകർ എം ബി രാജേഷ്; സാമാജികർക്കും വിമർശനം

അധിക്ഷേപവും പരദൂഷണവും വിമര്‍ശനമായി കണക്കാക്കാന്‍ പറ്റില്ല. പാര്‍ലമെന്റിലെയും നിയമസഭയിലെയും പഞ്ചായതിലെയും നഗരസഭയിലെയും അംഗങ്ങളുടെ പ്രാഥമികവും പ്രധാനവുമായിട്ടുള്ള ജോലി കല്യാണ വീടുകളിലും മരണ വീടുകളിലും കൃത്യമായി എത്തുക എന്നതാണെന്നു നമ്മുടെ നാട്ടില്‍ ഒരു രീതിയായി മാറിയിരിക്കുകയാണെന്നും എം ബി രാജേഷ് പറയുന്നു. മറ്റൊന്നും ചെയ്തില്ലെങ്കിലും പ്രശ്‌നമില്ല എന്നൊരു സ്ഥിതിയുണ്ട്. അത് ഗുണകരമാണെന്നു കരുതുന്നില്ല. ജനപ്രതിനിധി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുകതന്നെ വേണം. അവരുടെ സന്തോഷത്തിലും ദു:ഖത്തിലുമൊക്കെ പങ്കുചേരുന്നതില്‍ തെറ്റില്ല. പക്ഷേ, മറ്റൊന്നും ചെയ്യാതിരിക്കാന്‍ ഒരു മറയായിട്ട് ഇതു മാറാന്‍ പാടില്ല.

പ്രാഥമികമായ ചുമതല നിയമനിര്‍മാണ പ്രക്രിയയുടെ ഭാഗമാവുക, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍കാരിന് മുന്നില്‍ കൊണ്ടുവന്ന് അത് പരിഹരിക്കാനുള്ള ശ്രമം നടത്തുക എന്നതാണ്. തങ്ങളുടെ പ്രതിനിധിയെ എവിടേക്ക് അയച്ചോ അവിടെ എന്തു ചെയ്യുന്നു എന്നതിനായിരിക്കണം ജനങ്ങളുടെയും പ്രധാന പരിഗണന. അങ്ങനെയായിരിക്കണം വിലയിരുത്തേണ്ടത്. അപ്പോള്‍ ജനപ്രതിനിധികളുടെ മികവ് വര്‍ധിക്കും.

സ്പീകർക്ക് രാഷ്ട്രീയം പറയാന്‍ കക്ഷി രാഷ്ട്രീയം പറയണമെന്നില്ല. കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഇടപെടാതെ തന്നെ രാഷ്ട്രീയം പറയാം. അത് താന്‍ പറയുന്നുമുണ്ട്, കഴിഞ്ഞ ഒരു വര്‍ഷം പറഞ്ഞതത്രയും രാഷ്ട്രീയമാണ്. പക്ഷേ, പറഞ്ഞത് ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. വിവാദമുണ്ടാക്കണം എന്ന് ഉദ്ദേശവുമില്ല. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചു പറയേണ്ട കാര്യങ്ങള്‍ ഔചിത്യത്തോടെ പറഞ്ഞിട്ടുണ്ട്. ആ ഔചിത്യത്തിന്റെ പരിധി മറികടക്കുമ്പോഴാണു പ്രശ്‌നം. സ്പീകര്‍ എന്ന നിലയില്‍ പാലിക്കേണ്ട ഔചിത്യത്തോടെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയേണ്ടതാണ് എന്നു തോന്നിയ ഒരു രാഷ്ട്രീയവും പറയാതിരുന്നിട്ടില്ലെന്നും രാജേഷ് വിശദീകരിക്കുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതിന്റെയും മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ യൂത് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു എന്ന കേസിന്റെയും ഉള്‍പെടെ വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്ന അവസരത്തിൽ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് മാധ്യമങ്ങള്‍ക്കും സാമാജികര്‍ക്കും രാജേഷിന്റെ വിമർശനം എന്നത് ശ്രദ്ധേയമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia