Social Media Influencers | വിദ്യാർഥികൾ ശ്രദ്ധിക്കുക: 'ഇങ്ങനെ പറ്റിക്കല്ലേ സാറേ'; സോഷ്യൽ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍സിന്റെ വാചകമടിയിൽ മാത്രം വീഴല്ലേ; ഉന്നത വിദ്യാഭ്യാസത്തിനായി സ്ഥാപനങ്ങളിൽ പ്രവേശനം നേടുമ്പോൾ കെണിയിൽ വീഴാതെ നോക്കാം

 


കൊച്ചി: (www.kvartha.com) കഴിഞ്ഞ 20 വർഷമായി വിവര സാങ്കേതിക വിദ്യ അതിവേഗം മാറിയിട്ടുണ്ട്, സാമൂഹ്യ മാധ്യമങ്ങളുടെ ആവിർഭാവമാണ് സുപ്രധാന മാറ്റം. എല്ലാവരുടെയും കൈകളിൽ ഏത് ഉപകരണത്തിലും എവിടെയും എപ്പോൾ വേണമെങ്കിലും കണക്റ്റുചെയ്യാനുള്ള മാർഗങ്ങൾ ഉള്ളപ്പോൾ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും വർധിച്ചു. ഇവ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തുന്നതിനുള്ള ഒരു ഉപാധി എന്നതിൽ നിന്ന് സമൂഹത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന രീതിയിലേക്ക് വളർന്നിരിക്കുന്ന കാലമാണിത്.
  
Social Media Influencers | വിദ്യാർഥികൾ ശ്രദ്ധിക്കുക: 'ഇങ്ങനെ പറ്റിക്കല്ലേ സാറേ'; സോഷ്യൽ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍സിന്റെ വാചകമടിയിൽ മാത്രം വീഴല്ലേ; ഉന്നത വിദ്യാഭ്യാസത്തിനായി സ്ഥാപനങ്ങളിൽ പ്രവേശനം നേടുമ്പോൾ കെണിയിൽ വീഴാതെ നോക്കാം


സാമൂഹ്യ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ

രാഷ്ട്രീയം, ബിസിനസ്, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്നുണ്ട്. ഇതിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നവരാണ് സാമൂഹ്യ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ അഥവാ സോഷ്യൽ മീഡിയ 'Social Media Influencers' എന്ന് അറിയപ്പെടുന്നവർ. ഇവർക്ക് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. യാത്ര, ഫുഡ്, ഗാഡ്ജറ്റ്, വസ്ത്രം, പാചകം.. അങ്ങനെയങ്ങനെ ഒരുപാട് വ്ലോഗുകൾ തയ്യാറാക്കുന്നു, ഇവർക്ക് അനേകം പേരിലേക്ക് അതെത്തിക്കാനും സാധിക്കുന്നു, ഒപ്പം സമ്പാദിക്കാനും കഴിയുന്നു.

ഒരുപാട് ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വ്ലോഗുകൾ പലരും ചെയ്യുന്നു. വീടുകളിലെ പാചകങ്ങൾ മുതൽ സാമൂഹ്യ സംവാദങ്ങളെ വരെ ഇത്തരം വ്ലോഗുകൾ സ്വാധീനിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ചാരിറ്റി പ്രവർത്തങ്ങൾക്കും ചിലർ മുന്നോട്ട് വരുന്നത് പലർക്കും തണലായി മാറുന്നു. ഇവയുടെ സ്വാധീനം മനസിലാക്കി കംപനികളും സ്ഥാപനങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ മാർകറ്റിങ്ങിനായി പണമൊഴുക്കുന്നു. സോഷ്യൽ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍സിന് അവരുടെ ഹാൻഡിലുകളിലൂടെ പരസ്യം ചെയ്യുന്നതിനായി കംപനികളും സ്ഥാപനങ്ങളും പണം നൽകാറുണ്ട്. കൂടാതെ അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബിസിനസുകളും ഉണ്ടാവാം. ഇവയൊക്കെ അവർ തങ്ങളുടെ ഹാൻഡിലുകളിൽ പരസ്യം ചെയ്യാറുണ്ട്.

എന്നാൽ ഇതിനിടയിൽ ചിലർ കച്ചവട തന്ത്രം മാത്രം മനസിൽ വെച്ച് ഇല്ലാത്ത കാര്യങ്ങൾ വരെ പെരുപ്പിച്ച് കാണിച്ച് പരസ്യം ചെയ്യുന്നു. കാണുന്നവർക്ക് മുന്നിൽ വിശ്വാസ്യത നേടുന്നതിനായി പലതും ചെയ്യുമെങ്കിലും യാഥാർഥ്യവുമായി ഒരു ബന്ധവും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരം ചിലരുടെ പ്രവർത്തനങ്ങൾ നല്ല വ്ലോഗുകൾ ചെയ്യുന്നവർക്കും ചീത്തപ്പേര് ഉണ്ടാക്കിവെക്കുന്നു.


ഇങ്ങനെ പറ്റിക്കല്ലേ സാറേ

ഉന്നത പഠനത്തിനായി കോളജുകളും മറ്റും തിരയുന്ന തിരക്കിലാണ് ഇപ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും. മികച്ച കോളജുകളും കോഴ്‌സുകളും അറിയുന്നതിന് ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും വരെ അവർ അരിച്ച് പെറുക്കുന്നു. ഒരുപാട് നല്ല കാര്യങ്ങൾ അറിയുന്നതോടൊപ്പം തന്നെ അവരെ ചതിക്കുഴിയിൽ വീഴ്ത്താവുന്ന ചിലരും ഇതിനിടയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിയുക,

അടുത്തിടെ ഫുഡ് വ്ലോഗുകൾ ചെയ്യുന്ന ഒരു പ്രമുഖൻ തിരുവനന്തപുരം അടക്കം രണ്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു കോളജിലെ മെസിലെ ഭക്ഷണത്തെ കുറിച്ച് ബ്ലോഗ് ചെയ്തു. അത്രയും മികച്ച ഭക്ഷണം വേറെ ഒരിടത്തും ലഭിക്കില്ല എന്ന് തോന്നും അത് കണ്ടാൽ. തന്റെ പഠനകാലത്തിലെ മെസിലെ മോശം ഭക്ഷണവുമായി താരതമ്യപ്പെടുത്തി വലിയ അവകാശവാദങ്ങളോടെ അദ്ദേഹം ഈ കോളജിലെ ഭക്ഷണം കഴിച്ച് കാണിക്കുന്നുമുണ്ട്. കോളജിന്റെ മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം ഭക്ഷണവും കാണുമ്പോൾ ആർക്കും അവിടെ പഠിക്കാൻ തോന്നിപ്പോകും.

എന്നാൽ ഏറ്റവും രസകരമായ കാര്യം വീഡിയോക്ക് ലഭിച്ച കമന്റുകളാണ്. അതിൽ ആ കോളജിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളുമുണ്ട്. ഈ വീഡിയോയിൽ പറയുന്ന അവകാശവാദം പൊള്ളയാണെന്ന് അവർ പറയുന്നു, ഇങ്ങനെയുള്ള ഭക്ഷണം അതിഥികൾക്ക് ലഭിക്കുമായിരിക്കും, എന്നാൽ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്ന് പലരും കുറിച്ചു. പല വിദ്യാർഥികൾക്കും പ്രതികരിക്കണം എന്നുണ്ടായിരുന്നുവെങ്കിലും മാനേജ്‌മെൻറിനെ ഭയന്ന് മിണ്ടാതിരുന്നു.


കുരുക്കിലായവർ

ഇതിലെ ഏറ്റവും ഗൗരവമായ കാര്യം വൈകാതെ അവിടത്തെ വിദ്യാർഥികൾ തന്നെ പുറത്തുവിട്ടു. ഈ വ്ലോഗ്‌ ചെയ്തയാൾ ഈ സ്ഥാപനത്തിന്റെ ഉടമകളുടെ അടുത്ത സുഹൃത്താണെന്നും കോളജിന്റെ പ്രമോഷന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അവർ വെളിപ്പെടുത്തി. ഇത്തരം പ്രമോഷനുകൾ കണ്ടാണ് തങ്ങൾ കോളജിൽ എത്തിയതെന്നും ഈ കോളജിനെ പറ്റി ഇന്റർനെറ്റിൽ തിരഞ്ഞാൽ ഇദ്ദേഹത്തിന്റെ വീഡിയോകളാണ് ആദ്യം കാണുന്നതെന്നും അതൊക്കെ കാണുമ്പോൾ ആരും ആകൃഷ്ടരായി പോകുമെന്നും അവർ വ്യക്തമാക്കുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ നടക്കുന്ന ഈ സമയത്ത് ഇത്തരം ചതിക്കുഴികളിൽ പെട്ട് പോകരുതെന്ന് ഇദ്ദേഹത്തിന്റെ വ്ലോഗുകൾ കണ്ട് ആകൃഷ്ടനായി ഈ കോളജിൽ ചേർന്ന വിദ്യാർഥി അനുഭവം പങ്കുവെച്ച് ഓർമിപ്പിക്കുന്നു.

ഒരു തരം തട്ടിപ്പ് തന്നെയാണ് ഇത്. അറിയപ്പെടാത്ത നിലവാരമില്ലാത്ത സ്ഥാപനങ്ങളെ പോലും വലിയ സംഭവമായി ചിത്രീകരിക്കാൻ, ചിലവാവാത്ത ഉത്പന്നങ്ങൾ വിറ്റഴിപ്പിക്കാനുമൊക്കെ സോഷ്യൽ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍സിൽ ചിലർക്ക് കഴിയുന്നതിന്റെ ഫലങ്ങൾ പലതും അപകടകരമാണ്. അവർ പറയുന്നതെല്ലാം ശരിയല്ലെന്ന ബോധ്യത്തോടെ മാത്രം മുന്നോട്ട് പോവുക. റിവ്യൂ, അല്ലെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ അറിഞ്ഞുകൊണ്ട് മാത്രം അത്തരം കാര്യങ്ങളെ സമീപിക്കുക. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവിടന്ന് മുമ്പ് പഠിച്ചവരുടെ അനുഭവങ്ങളും അറിയാൻ ശ്രമിക്കുക.

Keywords:  Kochi, Kochi News, Latest-News, Top-Headlines, Education, Market, Social-Media, Job, Advertisement, Fraud, Cheating, Students, Some Social Media Influencer's Marketing Fraud.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia