School Open | പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ എത്തിയത് നാലുലക്ഷം കുട്ടികള്‍; നവാഗതരെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളുകളും ഒരുക്കിയത് ഗംഭീരമായ പ്രവേശനോത്സവം

 


തിരുവനന്തപുരം: (www.kvartha.com) രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ബുധനാഴ്ച തുറന്നപ്പോള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് നാലുലക്ഷം കുട്ടികള്‍. ഓരോ സ്‌കൂളുകളും നവാഗതരെ വരവേല്‍ക്കാന്‍ ഗംഭീരമായി തന്നെ പ്രവേശനോത്സവം ഒരുക്കിയിരുന്നു. ബലൂണുകള്‍ കൊണ്ടും വര്‍ണ കടലാസുകള്‍ കൊണ്ടും സ്‌കൂളും പരിസരവും അലങ്കരിച്ചിരുന്നു.

School Open | പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ എത്തിയത് നാലുലക്ഷം കുട്ടികള്‍; നവാഗതരെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളുകളും ഒരുക്കിയത് ഗംഭീരമായ പ്രവേശനോത്സവം

ആദ്യമായി സ്‌കൂളിലെത്തിയതിന്റെ പരിഭവം ഒന്നാം ക്ലാസുകാരുടെ മുഖത്ത് പ്രകടമായിരുന്നു. പലരും കരച്ചിലിന്റെ വക്കിലുമായിരുന്നു. എന്നിരുന്നാലും സ്‌കൂളിലെ കലാപരിപാടികളൊക്കെ അവരെ പെട്ടെന്ന് തന്നെ ഉഷാറാക്കി.

പുതിയ ബാഗും കുടയും ചെരിപ്പും വാടര്‍ ബോടിലും യൂനിഫോമുമൊക്കെ ഇട്ടതിന്റെ സന്തോഷത്തിലാണ് ഭൂരിഭാഗം കുട്ടികളും. ആദ്യദിവസമായതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിച്ചേര്‍ന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ സഹപാഠികളുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും അധ്യയനം കാര്യമായി നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനോത്സവം ഗംഭീരമാക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി തന്നെ പറഞ്ഞിരുന്നു.

പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. രണ്ടു വര്‍ഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. പാഠപുസ്തക, യൂനിഫോം വിതരണം എന്നിവ 90 ശതമാനം പൂര്‍ത്തിയായി.

എന്നാല്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാചുകളോ, ഇടവേളകളോ, ഫോകസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

എങ്കിലും ഇത്തവണ അധ്യാപകരുടെ കുറവാണ് ഒരു പ്രതിസന്ധി. 1.8ലക്ഷം അധ്യാപകരാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചു. എന്നാല്‍ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതില്‍ സര്‍കാരിന് വ്യക്തമായ കണക്കില്ല.

എന്നിരുന്നാലും ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സര്‍കാരിന്റെ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍കാര്‍ തീരുമാനം.

Keywords: Schools return to normalcy after a gap of two years; 4 lakh newcomers in class one, Thiruvananthapuram, News, Education, Students, School, Teachers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia