Saritha S Nair | സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സരിത എസ് നായര്‍

 


തിരുവനന്തപുരം: (www.kvartha.com) നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനീസയാണ് മൊഴി രേഖപ്പെടുത്തിയത്.

സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. തെളിവുകള്‍ കോടതിക്ക് കൊടുത്തതായി മൊഴി നല്‍കിയശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സരിത നായരുടെ മൊഴി രേഖപ്പെടുത്തിയത്. സരിത പലതവണ നേരിട്ടു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് അവസരം നല്‍കിയില്ലെന്ന് സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു.

Saritha S Nair | സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സരിത എസ് നായര്‍

സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യാനായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

സരിത മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്:

തന്നെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പി സി ജോര്‍ജ് അല്ല, മറിച്ച് വലിയ തിമിംഗലങ്ങളാണ്. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇതിലേക്ക് തന്നെ വഴിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്.

ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ കോടതിയെ അറിയിച്ചു. സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍. സ്വര്‍ണത്തില്‍ പണം മുടക്കിയവര്‍ അതു നഷ്ടമായാല്‍ തിരികെ ചോദിക്കും. രാജ്യാന്തര ശാഖയുള്ള സംഘമാണ് അതിന് പിന്നിലുള്ളത്.

തന്നെയും കുടുംബത്തെയും കേസിലേക്ക് വലിച്ചിഴച്ചപ്പോഴാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനെല്ലാം പിന്നിലുള്ളത് രാഷ്ട്രീയക്കാരല്ല. ഗൂഢാലോചനക്കാര്‍ പറയേണ്ട കാര്യങ്ങള്‍ തന്നിലൂടെ പറയാനാണ് അവര്‍ ശ്രമിച്ചത്. പി സി ജോര്‍ജ്, സ്വപ്ന, സരിത്ത്, ക്രൈം നന്ദകുമാര്‍ എന്നിവരാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് സരിത ആരോപിച്ചു.

സംരക്ഷണം കൊടുക്കാമെന്ന് ചിലര്‍ വാക്ക് കൊടുത്തതിനാലാണ് സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ടിക്കാര്‍ ഉണ്ടാകാം. പി സി ജോര്‍ജിനെ ഈ കേസില്‍ ആരെങ്കിലും ഉപയോഗിച്ചോ എന്ന് അറിയില്ല. അതു പൊലീസിനേ പറയാന്‍ കഴിയൂ. പി സി ജോര്‍ജ് തന്നെ ട്രാപ് ചെയ്യാന്‍ ശ്രമിച്ചോ എന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല.

സ്വപ്നയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമല്ല, അവരുടെ നിലനില്‍പിന്റെ കാര്യമാണ്. രണ്ടു മാര്‍ഗങ്ങളാണ് അവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. ഒന്ന്, ആരോപണങ്ങള്‍ ഉന്നയിക്കുക. രണ്ട്, പൈസ തിരികെ കൊടുക്കുക. അതില്‍ രണ്ടാമത്തെതാണ് അവര്‍ തിരഞ്ഞെടുത്ത്. സ്വര്‍ണം എവിടെനിന്നു വന്നു എന്ന കാര്യമൊന്നും തനിക്കറിയില്ലെന്ന് സരിത പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കണമെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. അതിനപ്പുറമുള്ള കാര്യങ്ങള്‍ അറിയില്ല. ഗൂഢാലോചനയില്‍ പങ്കെടുത്തവരോടൊപ്പം ഇരിക്കേണ്ടി വന്നിട്ടില്ല. ക്രൈം നന്ദകുമാറിന്റെ ഓഫിസില്‍ വച്ചാണ് ചര്‍ചയെന്നറിഞ്ഞപ്പോള്‍ പോയില്ലെന്നും സരിത പറഞ്ഞു.

Keywords: Saritha S Nair on Swapna Suresh Conspiracy case, Thiruvananthapuram, News, Conspiracy, Trending, Court, Kerala, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia