കൊച്ചി: (www.kvartha.com) ഒരു സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്താനായി മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ ജീവനും പ്രശസ്തിയും പണയപ്പെടുത്തിക്കൊണ്ട് കര്‍മനിരതരാകാറുണ്ട്. അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായി എല്ലാ വര്‍ഷവും ലോക മാധ്യമ ദിനം ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോക മാധ്യമ ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപയുടെ മാധ്യമ സന്ദേശം ഏകാംഗ കലാരൂപമായ ചാക്യാര്‍കൂത്തായി അവതരിപ്പിക്കുന്നു.
ഫ്രാന്‍സിസ് പാപയുടെ മാധ്യമ സന്ദേശം 'ഹൃദയം കൊണ്ട് കേള്‍ക്കുക' ആണ് ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിക്കുന്നത്. കെസിബിസി മീഡിയ കമീഷന്റെ നേതൃത്വത്തില്‍ വൈകുന്നേരം മൂന്നിന് പാലാരിവട്ടം പിഒസിയിലാണ് ചാക്യാര്‍കൂത്ത് നടക്കുന്നത്. കേരളത്തിലെ ഏക ക്രൈസ്തവ ചാക്യാരായ ഡോ. ജാക്‌സണ്‍ തോട്ടുങ്കലാണ് ചാക്യാര്‍കൂത്ത് നടത്തുന്നത്.
പരിപാടി കെസിബിസി ഡെപ്യൂടി സെക്രടറി ജനറല്‍ ഫാ. ജേകബ് ജി പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് കെസിബിസി മീഡിയ കമീഷന്‍ സെക്രടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
ചാക്യാര്‍കൂത്തില്‍ നൃത്തത്തിന്റെ അംശം വളരെ കുറവാണ്. വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളും ആണ് ചാക്യാര്‍ക്കൂത്തിലെ ആശയസംവേദനത്തില്‍ വലിയ പങ്കുവഹിക്കുന്നത്.