ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ ഇന്‍ഡ്യയിലെത്തുന്നു. ഇന്‍ഡ്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്നാണ് റിപോര്‍ട്. ഒരാഴ്ച നീളുന്ന പരിപാടിയില്‍ ഇന്‍ഡ്യയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശിക്കുമെന്നും റിപോര്‍ട്.
ദക്ഷിണേന്‍ഡ്യയില്‍ ഗോവയില്‍ പോപ് സന്ദര്‍ശനം നടത്തും. ജസ്യൂട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ എത്തുക.
പോപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വതികാനും വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ചകള്‍ അന്തിമഘട്ടത്തിലാണ്. അതേസമയം മാര്‍പാപ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വതികാനിലെത്തിയ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പാപയെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം മാര്‍പാപ സ്വീകരിച്ചതായും, ഇന്‍ഡ്യ വലിയ സമ്മാനമാണ് നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ പ്രതികരിച്ചതായും വിദേശകാര്യ സെക്രടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്‌ള വ്യക്തമാക്കിയിരുന്നു.
കോവിഡിനെ നേരിടാന്‍ ഇന്‍ഡ്യ നല്‍കിയ സഹായങ്ങളെ പോപ് ഫ്രാന്‍സിസ് അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. വിവിധ ലോക രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയ വാക്സിന്‍ മൈത്രി അടക്കമുള്ള നടപടികളെയാണ് പോപ് അഭിനന്ദിച്ചത്.