തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ വിരൽ ചൂണ്ടുന്നത്

 


-അസീസ് പട്ള

(www.kvartha.com) ഇരുവൃക്കകളും തകരാറിലായ, കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ പേര് റജിസ്റ്റർ ചെയ്തു കാത്തിരുന്ന ധനുവച്ചപുരം ഐടിഐയിലെ റിട്ട. അധ്യാപകൻ കാരക്കോണം അണിമംഗലം വീട്ടിൽ സുരേഷ്കുമാറി (65) നാണ് തിരുവനന്തപുരം മെഡികൽ കോളേജിലെ ഡോക്ടർമാരുടെ അനാസ്ഥമൂലം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദാരുണാന്ത്യത്തിന് കീഴടങ്ങേണ്ടി വന്നത്.
                   
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ വിരൽ ചൂണ്ടുന്നത്

ശനിയാഴ്ച എറണാകുളം രാജഗിരി ഹോസ്പിറ്റലിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ ഇരുവൃക്കകളും മുൻഗണനാപ്രകാരം തിരുവനന്തപുരം മെഡികൽ കോളേജിലെ രോഗികൾക്ക് നൽകേണ്ടതിനാൽ ശനിയാഴ്ച രാവിലെ തെന്നെ ബന്ധപ്പെട്ടവരെ അറിയിച്ചപ്രകാരം, നിലവിലെ ആറു രോഗികളിൽ നിന്നും കണ്ടെത്തിയ സ്വീകർത്താവായിരുന്നു സുരേഷ്കുമാർ.

ഞായറാഴ്ച ഉച്ചയ്ക്ക് 2.50ന് രാജഗിരിയിൽ നിന്ന് പോലീസ് അകമ്പടിയോടെ പുറപ്പെട്ട സംഘം വൈകുന്നേരം 5.30നു തിരുവനന്തപുരം മെഡികൽ കോളേജിലെത്തി, ഓപ്പറേഷൻ തീയേറ്റർ അടഞ്ഞുകിടന്നതിനാൽ ഏറെ നേരം സംഘം കാത്തിരിക്കേണ്ടി വന്നു, കുറെ കഴിഞ്ഞു വന്ന ജീവനക്കാരാണ് വൃക്കയടങ്ങിയ പെട്ടി പോലും വാങ്ങാൻ കൂട്ടാക്കിയത്. തുടർന്ന് രാത്രി ഒമ്പതരയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ശാസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് രോഗിയെ ഡയാലിസിസ് ചെയ്യുന്നതടക്കമുള്ള ഒരു മുന്നൊരുക്കവും മെഡിക്കൽ കോളേജ് അധികൃതർ ചെയ്തിരുന്നില്ല എന്നത് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് യൂറോളോജി/ നേഫ്രോളോജി വിഭാഗമേധാവികൾ ഡോ. വാസുദേവൻ പോറ്റിയെയും ഡോ. ജേക്കബ് ജോർജിനേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെങ്കിലും യഥാർഥ കുറ്റവാളിയെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നത് വരെ സർക്കാരിന് മുഖം രക്ഷിക്കാൻ കഴിയില്ല.

അഭ്യസ്തവിദ്യയ്ക്കും, ആഗോളവിദഗ്ദർക്കും, ഹൈ-ടെക് പ്രൊഫഷനിലസത്തിനും, ആരോഗ്യ പരിരക്ഷയ്ക്കും വാനോളം പേരു കേട്ട കേരളം ചില സമകാലീന സംഭവങ്ങൾ അതിന്റെ യശസ്സ് കെടുത്തുകയാണോ?. എങ്കിൽ ആരാണ് ഉത്തരവാദി?. ഇത്തരം അനാസ്ഥരെ ആരാണ് പരിരക്ഷിക്കുന്നത്?. സർക്കാർ ഡോക്ടർമാർക്ക് മാത്രമെന്താണ് ഇത്ര അഹന്ത! ഇവരുടെ സംഘടനാ ബാലമാണോ സർക്കാരിനെ മുട്ടുകുത്തിക്കുന്നത്?!.

വർഷങ്ങളായി കാത്തിരുന്നു കിട്ടിയ വൃക്കകളെ നിഷ്ഫലമാക്കി, ഒരു ജീവൻ വെടിയാൻ കാരണക്കാരായവരെ (ഇവിടെ രണ്ടു ജീവനാണ് പൊലിഞ്ഞത്) നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്ന ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല, ഡോക്ടർ പട്ടം കിട്ടുമ്പോൾ നടത്തുന്ന സത്യപ്രതിജ്ഞ (മെഡികൽ എതിക്സ്) ഒന്നുകൂടി പുതുക്കുന്നത് നന്നായിരിക്കും, മനുഷ്യത്വവും, ധാർമ്മികതയും മരവിച്ചുപോയ ആരോഗ്യപരിപാലകർ ഇത്തരം പ്രതിജ്ഞ ഉരുവിട്ടത് കൊണ്ടും കാര്യമില്ല, അത് ഹൃദയത്തിന്റെ അന്തരാളത്തിൽനിന്ന് തന്നെ ഉദ്ഘർഷിക്കണം, അല്ലാത്തപക്ഷം അത്തരക്കാർ ആരോഗ്യപരിപാലനസേവനം ഉപേക്ഷിക്കുന്നതാണ് സമൂഹത്തിന് അഭികാമ്യം.

Keywords:  Article, Kerala, Thiruvananthapuram, Medical College, Hospital, Treatment, Health, Government, Govt-Doctors, Patient, Surgery, Pointing the finger of indifference at the Medical College, Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia