Agnipath | 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും; യുവാക്കള്‍ക്ക് ഗുണകരമെന്നും പദ്ധതി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും അമിത് ഷായും രാജ്‌നാഥ് സിങ്ങും

 


ന്യൂഡെല്‍ഹി: (www.kvartha.com) സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിന് പ്രഖ്യാപിച്ച കേന്ദ്രസര്‍കാരിന്റെ 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ട്വിറ്ററിലൂടെയാണ് ഇരുവരും പദ്ധതിക്കെതിരെ വിമര്‍ശനം നടത്തിയത്.

അഗ്‌നിപഥ് പിന്‍വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളില്‍ പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചത്.

'പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുന്‍പുതന്നെ അഗ്‌നിപഥ് നിയമന ചട്ടങ്ങളില്‍ ബിജെപി സര്‍കാരിന് മാറ്റം വരുത്തേണ്ടി വന്നു. ആസൂത്രണമില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ തത്രപ്പാടിലാക്കുകയാണ് സര്‍കാര്‍ ചെയ്തത്. നരേന്ദ്ര മോദിജീ, എത്രയും വേഗം ഈ പദ്ധതി പിന്‍വലിക്കണം. വയസ്സ് ഇളവോടെ, മുന്‍പത്തേതുപോലെ ആര്‍മി റിക്രൂട്മെന്റ് നടത്തണം' പ്രിയങ്ക ട്വീറ്റ് ചെയ്തു.

'അഗ്‌നിപഥ് യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ നിരസിച്ചു, നോടുനിരോധനം സാമ്പത്തിക വിദഗ്ധര്‍ നിരസിച്ചു, ജിഎസ്ടി വ്യാപാരികള്‍ നിരസിച്ചു. രാജ്യത്തെ ജനങ്ങളുടെ ആവശ്യം എന്തെന്ന് മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ല. തന്റെ 'സുഹൃത്തുക്കളുടെ' ഒഴികെ മറ്റാരുടെയും ശബ്ദങ്ങള്‍ അദ്ദേഹം കേള്‍ക്കുന്നില്ല' എന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അതിനിടെ പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി. അഗ്‌നിപഥ് യുവാക്കള്‍ക്ക് ഗുണകരമാണെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ പദ്ധതി പിന്‍വലിക്കില്ലെന്നാണ് രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കിയത്.

അഗ്‌നിപഥിന്റെ പ്രായപരിധിയില്‍ കേന്ദ്ര സര്‍കാര്‍ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷം അവസരം നഷ്ടപ്പെട്ടത് പരിഗണിച്ചു പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 ആയാണ് വര്‍ധിപ്പിച്ചത്. പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ തെരുവിലിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ ഉള്‍പെടെ ആക്രമിക്കുകയും ട്രെയിനുകള്‍ തീയിട്ട് നശിപ്പിക്കുകയും ടയറുകള്‍ കത്തിക്കുകയും ഓഫിസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു.

 Agnipath | 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും; യുവാക്കള്‍ക്ക് ഗുണകരമെന്നും പദ്ധതി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും അമിത് ഷായും രാജ്‌നാഥ് സിങ്ങും


Keywords: PM Modi doesn't understand what people want, says Rahul Gandhi as protests intensify over Agnipath, New Delhi, News, Politics, Criticism, Rahul Gandhi, Priyanka Gandhi, Twitter, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia