മുംബൈ: (www.kvartha.com) 52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവ് മോഹിത് കാംബോജിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. മുംബൈ പൊലീസിന്റെ എകനോമിക് ഒഫന്‍സസ് വിങ് ആണ് കേസെടുത്തത്.
മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഒരു കംപനിയുടെ മൂന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ കംബോജ് 52 കോടി രൂപ വായ്പ എടുത്തിട്ട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പരാതി. കാംബോജിന് പുറമെ മറ്റ് രണ്ട് ഡയറക്ടര്‍മാര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് മോഹിത് ആരോപിച്ചു. നേരത്തെ ഒത്തുതീര്‍പ്പാക്കിയ സംഭവമാണ് ഇതെന്നും തന്നെ ഭയപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്നും മോഹിത് ട്വീറ്റ് ചെയ്തു. താന്‍ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.