ബാങ്കോക്: (www.kvartha.com) വെള്ളത്തില്‍ നിന്ന് പൊങ്ങിച്ചാടിയ മീന്‍ ചെന്ന് കുടുങ്ങിയത് ചൂണ്ടയിടാനെത്തിയ ആളുടെ തൊണ്ടയില്‍. അപ്രതീക്ഷിതമായി മീന്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ ആകെ വെപ്രാളപ്പെട്ടുപോയി ചൂണ്ടക്കാരന്‍. ഇതിനിടെ പുറത്തുചാടാനുള്ള വെപ്രാളത്തില്‍ തൊണ്ടയില്‍ നിന്ന് മൂക്കിലേക്ക് നീങ്ങിയ മീന്‍ തൊണ്ടയ്ക്കും നാസാദ്വാരത്തിനും ഇടയില്‍ കുടുങ്ങി. മേയ് 22 ന് തായ്ലന്‍ഡിലെ ഫതാലൂങ് പ്രവിശ്യയിലാണ് നിര്‍ഭാഗ്യകരവും അതിവിചിത്രവുമായ സംഭവം നടന്നത്.
അധികം വൈകാതെ തന്നെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ ശ്വാസനാളത്തിലേക്ക് നീങ്ങി. ഇതോടെ ചൂണ്ടക്കാരന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തൊണ്ടയില്‍ മീന്‍ കുടുങ്ങിയതാണെന്നറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ ആദ്യമൊന്നമ്പരന്നു. കാരണം ആശുപത്രിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു കേസ് റിപോര്‍ട് ചെയ്യുന്നത്.
എക്സ്റേ പരിശോധനയായിരുന്നു ആദ്യം നടത്തിയത്. അഞ്ചിഞ്ച് നീളമുള്ള മീന്‍ ആണ് ശ്വാസനാളത്തില്‍ നിലയുറപ്പിച്ചത്. അതിന്റെ നില്‍പ് എവിടെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ അടിയന്തരശസ്ത്രക്രിയയും നടത്തി. രോഗിയുടെ അവയവങ്ങള്‍ക്ക് പോറലേല്‍പിക്കാതെ നുഴഞ്ഞുകയറ്റക്കാരനെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും രോഗി അപകടനില തരണം ചെയ്തതായും ആശുപത്രി വക്താവ് സെംസ്രി പതോംപനിസ്രാറ്റ് അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ചിലും തായ്ലന്‍ഡില്‍ സമാനസംഭവം നടന്നതായി റിപോര്‍ടുണ്ട്. തായ്ലന്‍ഡിലെത്തിയ ഒരു വിനോദസഞ്ചാരിക്കായിരുന്നു അന്ന് അപകടം പിണഞ്ഞത്. ബീചില്‍ കുളിക്കാറിനങ്ങിയ നൊപാഡോല്‍ ശ്രിംഗാമിന്റെ തൊണ്ടയില്‍ കുടുങ്ങിയത് നീഡില്‍ ഫിഷായിരുന്നു. മീനിന്റെ വെപ്രാളത്തില്‍ ശ്രിംഗാമിന്റെ തൊണ്ടയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ച ശ്രംഗാമിന്റെ തൊണ്ടയില്‍ നിന്ന് മത്സ്യത്തെ നീക്കം ചെയ്യുകയും അപകടം ഒഴിവാകുകയും ചെയ്തിരുന്നു.
Keywords: Man Undergoes Surgery After Fish Jumps Out Of Water And Down His Throat, Bangkok, News, Fishermen,Fish, Hospital, Treatment, World.