മലപ്പുറം: (www.kvartha.com) കുറ്റിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൃശൂര്‍ കുന്നംകുളം സ്റ്റേഷനിലെ സിപിഒ ബിജു(45)വാണ് മരിച്ചത്. സ്‌കൂടറില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍നിന്നുവന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ബസിന് മുന്നിലേക്ക് തെറിച്ച് വീണതിന് പിന്നാലെ ദേഹത്തുകൂടി ഇതേ ബസ് തന്നെ കയറുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.
ഹൈവേയില്‍ നിന്നും കുറ്റിപ്പുറം ടൗണിലേക്ക് തിരിയുന്ന ഭാഗത്തുവച്ചാണ് അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന അശ്രദ്ധമായി ഓടിച്ച ബസാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ചാലക്കുടി സ്വദേശിയായ ബിജു കുന്നംകുളം പോക്‌സോ കോടതിയിലെ എയ്ഡ് പ്രോസിക്യൂഷനായി ജോലി ചെയ്യുകയായിരുന്നു. കുറ്റിപ്പുറത്തിനടുത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനെത്തിയതായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കുറ്റിപ്പുറം ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.