12 Arrested | തുണിക്കടയുടെ ഗോഡൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; 12 പേര്‍ അറസ്റ്റില്‍; 'തടങ്കലില്‍ പാര്‍പിച്ച് കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു'
Jun 20, 2022, 15:27 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) യുവാവിനെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ് മാന്‍(30) ആണ് മരിച്ചത്. മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്.

തടങ്കലില്‍ പാര്‍പിച്ച് മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന പൊലീസ് അന്നുതന്നെ തുണിക്കടയുടമയും ജീവനക്കാരും ഉള്‍പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് മമ്പാട് ടൗണിലെ തുണിക്കടയുടെ ഗോഡൗണിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി ഷടര്‍ തുറന്നത്. ഇവരെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടില്ലെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നുമാണ് പൊലീസ് അറിയിച്ചത്.
വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കയ്യും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നുവെന്നും പൊലീസില്‍ ഏല്‍പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടയിലാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്.
നേരത്തെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപയ്ക്ക് കടമായി കമ്പി വാങ്ങിയിരുന്നുവെന്നും കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ലെന്നും വിവരമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.