Yusaf Ali criticizes | ലോക കേരളസഭയിൽ പ്രതിപക്ഷത്തെ കുടഞ്ഞ് എം എ യൂസഫലി; 'കരുണാകരനേയും നായനാരേയും മാതൃകയാക്കണം'

 


തിരുവനന്തപുരം: (www.kvartha.com) ലോക കേരളസഭ മൂന്നാം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നോർക ഉപാധ്യക്ഷനും ലുലു ഗ്രൂപ് ചെയർമാനുമായ ഡോ. എം എ യൂസഫലി സമ്മേളനം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ തന്റെ പ്രസംഗത്തിൽ കുടഞ്ഞു. മുൻ മുഖ്യമന്ത്രിമാരായിരുന്ന കെ കരുണാകരനും ഇ കെ നായനാരും പ്രവാസി വിഷയങ്ങളിലും വികസനത്തിലും കാണിച്ച യോജിപ്പിച്ച് ഓർമപ്പെടുത്തിയ അദ്ദേഹം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത് എന്ന് ആരാഞ്ഞു.
        
Yusaf Ali criticizes | ലോക കേരളസഭയിൽ പ്രതിപക്ഷത്തെ കുടഞ്ഞ് എം എ യൂസഫലി; 'കരുണാകരനേയും നായനാരേയും മാതൃകയാക്കണം'

'ഈ സമ്മേളനത്തിൽ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വ്യത്യസ്ഥത കല്പിക്കാൻ പാടില്ല. ധൂർത്തിനെപ്പറ്റിയാണ് പറയുന്നതെങ്കിൽ ടികറ്റിന്റെ കാശ് നിങ്ങൾ തന്നെയാണ് കൊടുത്തത്. ഇവിടെ നിങ്ങൾക്ക് താമസ സൗകര്യം നൽകുന്നതാണോ ധൂർത്ത്?. നിങ്ങൾക്ക് ഭക്ഷണം നൽകുന്നതാണോ ധൂർത്ത്?. നിങ്ങൾ കാലാകാലങ്ങളിലായി വരുന്ന ഗവണ്മെന്റുകളുമായി സഹകരിക്കുന്നതാണോ ധൂർത്ത്?. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഃഖിപ്പിക്കരുത് എന്നേ ഈ അവസരത്തിൽ പറയാനുള്ളൂ. (സദസിൽ കൈയടി).

ഇത് കൈയടി കിട്ടാൻ വേണ്ടിയല്ല, കാര്യം തുറന്നു പറയുകയാണ്. എന്റെ സുഹൃത്തുക്കളായ കെഎംസിസി നേതാക്കളുണ്ടിവിടെ. ഗൾഫിനെ സംബന്ധിച്ചിടത്തോളവും മറ്റു പല സ്ഥലങ്ങളെ സംബന്ധിച്ചിടത്തോളവും അന്തസുള്ള കേഡർ സംഘടനയാണ്. ഭരണ നേതൃത്വത്തിൽ എല്ലാം അംഗീകരിക്കപ്പെട്ട സംഘടന കൂടിയാണത്. ആ കെഎംസിസി സഊദിയിലും ഖത്വറിലും കുവൈറ്റിലും ബഹറൈനിലും യുഎഇയിലുമൊക്കെ ഉണ്ട്. എന്റെ സുഹൃത്തായ അതിന്റെ പ്രസിഡണ്ട് പുത്തൂർ റഹ്‌മാനും കുഞ്ഞാമദും അടക്കം സഊദി അറേബ്യയിലെ എല്ലാവരും ഇവിടെ പങ്കെടുക്കുന്നു. ഞാൻ ചോദിച്ചു, നിങ്ങളുടെ നേതാക്കൾ ഇല്ലല്ലോ?. അണികളോട് ഇവിടെ പങ്കെടുക്കാൻ അനുവാദം തന്നിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. അണികൾ ഉണ്ടായലല്ലേ നേതാക്കൾ ഉള്ളൂ.

അതുപോലെ ഇൻകാസ് കോൺഗ്രസ് സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരുപാട് ആളുകൾ. അവരുടേയും നേതാക്കൾ ഇല്ല. പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന വിനീതമായ അപേക്ഷയാണുള്ളത്. നമുക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. മഹാനായിരുന്ന പ്രഗത്ഭ നേതാവ് കെ കരുണാകരൻ. ഞാൻ അഞ്ച് മുഖ്യമന്ത്രിമാരുമായിട്ടും ബോർഡിൽ ഇരുന്നയാളാണ്. കൊച്ചി ഇന്റർനാഷനൽ
എയർപോർട് അദ്ദേഹമാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ തറക്കല്ലിട്ട് ആരംഭിച്ച ആ പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തത് കേരളത്തിലെ പ്രഗത്ഭനായിരുന്ന മുഖ്യമന്ത്രി ഇ കെ നായനാരായിരുന്നു. അതിൽ പങ്കെടുത്തത് വ്യോമയാന മന്ത്രിയായിരുന്നു ബിജെപിയുടെ. ആ എയർപോർട് കൊണ്ട് ഇപ്പോൾ ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് പ്രവാസികൾക്കാണ്.



ലൻഡനിൽ നിന്നുള്ള എന്റെ സുഹൃത്ത് ശ്രീകുമാർ ഇവിടെയുണ്ട്. അദ്ദേഹം പറഞ്ഞു, ഞങ്ങൾക്ക് വളരെ സുഖമാണിപ്പോൾ. ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുണ്ട്. അഞ്ച് ഫ്ലൈറ്റാക്കാൻ നോക്കുകയാണ്. നേരിട്ട് വരാനും പോവാനും കഴിയുന്നു. അല്ലായിരുന്നെങ്കിൽ മുംബൈ വഴി വളരെ ബുദ്ധിമുട്ടി വരേണ്ട ഗതികേടായിരുന്നു. വികസന കാര്യത്തിൽ കെ കരുണാകരനും ഇ കെ നായനാരും യോജിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇരുകൂട്ടരും യോജിപ്പിലായിരുന്നു. ഇതെന്താണെന്ന് എനിക്കറിയില്ല കഴിഞ്ഞ പ്രാവശ്യവും ഇപ്രാവശ്യവും അനാവശ്യ വിവാദം ഉണ്ടാക്കി. എല്ലാറ്റിനേയും നെഗറ്റീവായി കാണുന്ന ഒരു വിഭാഗം ആളുകളുണ്ട്. നാല് കോടി രൂപയുടെ ചിലവാണെന്ന് പറഞ്ഞു. ഇവിടെ പ്രസീഡിയത്തിൽ ഇരിക്കുന്നവരും നിങ്ങളെല്ലാവരും കോൺട്രിബ്യൂട് ചെയ്യാൻ കഴിവില്ലാത്തവരല്ല.

അതല്ല, ഒരു ഗവൺമെന്റ് നമ്മളെ വിളിക്കുന്നു, അന്തസ്സോടെ നമ്മളെ ഇവിടെ ഇരുത്തുന്നു, എല്ലാ മന്ത്രിമാരും വന്നിരിക്കുന്നു, നമ്മുടെ പ്രശ്നങ്ങൾ കേൾക്കുന്നു, അതിന് എന്ത് പരിഹാരം ചെയ്യാൻ കഴിയും എന്ന് അവർ ചിന്തിക്കുന്നു. ഇത് നമുക്കുള്ള വലിയ ബഹുമതിയാണ്. അമേരികയിൽ നിന്ന് സംഘടനകൾ വന്നിട്ടുണ്ട്. കാനഡയിൽ നിന്നും മെക്സികോയിൽ നിന്നും ആഫ്രികയിൽ നിന്നും യൂറോപിൽ നിന്നും വന്നിട്ടുണ്ട്. ഇവരെല്ലാം പല രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുണ്ടാവും. പക്ഷെ, ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഒന്നിക്കണം', യൂസഫലി പറഞ്ഞു. പ്രവാസികളോട് വളരെ അനുഭാവപൂർവം പെരുമാറുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് കൂട്ടിച്ചേർത്തു. രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടികളിലെന്നപോലെ പ്രവാസികൾക്ക് നിക്ഷേപ സുരക്ഷ ഉറപ്പ് വരുത്തുന്ന നിയമം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  News, Latest-News, Kerala, Top-Headlines, Video, M.A.Yusafali, Criticism, Government, Ministers, Political Party, Loka Kerala Sabha, MA Yusaf Ali criticizes Opposition in the Loka Kerala Sabha.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia