Painavu Polytechnic College | അടിസ്ഥാന സൗകര്യങ്ങള്‍ കുറവ്: പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പോളിടെക്‌നികിന് എഐസിടിഇ അംഗീകാരം നഷ്ടമാകുമെന്ന് ആശങ്ക
Jun 4, 2022, 17:49 IST
ചെറുതോണി: (www.kvartha.com) അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ പൈനാവ് പോളിടെക്‌നികിന് എഐസിടിഇ അംഗീകാരം നഷ്ടമാകുമെന്ന് ആശങ്ക. ഐ എച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോളിടെക്‌നികില്‍ നിലവില്‍ അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുമൂലം പ്രവര്‍ത്തനം അവതാളത്തിലാണ്.
സ്ഥാപനത്തിലെ 60 ശതമാനം ജീവനക്കാരെങ്കിലും സ്ഥിരമായിരിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശം. ഇതിന് 32 പേര്‍ വേണമെന്നിരിക്കെ പ്രിന്‍സിപലിന്റെ ചുമതല വഹിക്കുന്ന മെകാനികല്‍ എന്‍ജിനീയര്‍, ഒരു ട്രേഡ്‌സ്മാന്‍, രണ്ട് ക്ലര്‍ക്, രണ്ട് പ്യൂണ്‍ എന്നിവര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്.
ബാക്കി 30ഓളം തസ്തികകളില്‍ ഗെസ്റ്റ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഗെസ്റ്റ് അധ്യാപകരുടെ പരിചയക്കുറവും ഇടയ്ക്കിടെയുള്ള കൊഴിഞ്ഞുപോക്കും കുട്ടികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. നിലവില്‍ 450 വിദ്യാര്‍ഥികളാണിവിടെ പഠിക്കുന്നത്.
സ്ഥാപനത്തോടുള്ള ഐഎച്ആര്‍ഡിയുടെ അവഗണനയാണ് സ്ഥിരം ജീവനക്കാരെ നിയമിക്കാത്തതിന് പിന്നിലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. മറ്റു പോളിടെക്‌നികുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കിലും ഇവിടേക്ക് നിയമിക്കാത്തത് സംശയാസ്പദമാണെന്ന് രക്ഷാകര്‍ത്താക്കളും പറയുന്നു.
1997ല്‍ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് കോളജ് ആരംഭിച്ചത്. തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജ് ആദ്യ ഏഴുവര്‍ഷം തുടര്‍ച്ചയായി റാങ്കുകളും നല്ല വിജയശതമാനവും നേടിയിരുന്നു.
കോളജില്‍ പരിചയസമ്പന്നരായ അധ്യാപകരെ നിയമിച്ച് അംഗീകാരം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ജല വിഭവമന്ത്രി എന്നിവര്‍ക്ക് പിടിഎ വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ രാജു കല്ലറക്കല്‍ നിവേദനം നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.