നാദാപുരം: (www.kvartha.com) ക്ലിനികില്‍ കുത്തിവയ്പ്പിനിടെ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ന്യൂക്ലിയസ് ക്ലിനികിലെ മാനേജിങ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിങ് പാട്‌നര്‍ റശീദ്, നഴ്‌സ് ഷാനി എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ ഐപിസി 304 (എ) പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12) ആണ് മരിച്ചത്. മാതാവിനൊപ്പം കഫക്കെട്ടിന് ചികിത്സ തേടിയെത്തിയ തേജ്‌ദേവിനെ ക്ലിനികില്‍ അഡ്മിറ്റ് ചെയ്തു. നഴ്‌സ് കുത്തിവയ്പ്പ് നല്‍കിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഉടന്‍തന്നെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ശ്വാസ തടസമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ടം റിപോര്‍ട്.
എന്നാല്‍ കുട്ടിയുടെ മരണത്തിന് പിന്നാലെ, അധികൃതരുടെ പിഴവാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡിഎംഒ ചെയര്‍മാനായ മെഡികല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ക്ലിനികിന് വീഴ്ച പറ്റിയതായി കണ്ടെത്തുകയായിരുന്നു.
വിദ്യാര്‍ഥിയെ ക്ലിനികില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ രക്ഷിതാവിന്റെ സമ്മത പത്രം വാങ്ങിയില്ലെന്നും ഷാനിക്ക് മതിയായ യോഗ്യത ഇല്ലെന്നും കണ്ടെത്തി. മതിയായ യോഗ്യതയില്ലാത്ത ഷാനിക്ക് ക്ലിനികില്‍ ജോലി നല്‍കിയതിനും കുത്തിവയ്പ്പ് നല്‍കാന്‍ ചുമതലപ്പെടുത്തിയതിനുമാണ് ഡോക്ടറും മാനേജിങ് പാട്‌നറും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.