Kerala Governor | നൂപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ പരാര്‍ശത്തില്‍ ഇന്‍ഡ്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ടിവി ചാനല്‍ ചര്‍ചയ്ക്കിടെ ബിജെപി നേതാവ് നൂപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിവാദ പരാര്‍ശത്തില്‍ ഇന്‍ഡ്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്‍ഡ്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

  Kerala Governor | നൂപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ പരാര്‍ശത്തില്‍ ഇന്‍ഡ്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നു. എന്നാല്‍ ഇതൊന്നും ഇന്‍ഡ്യയെ ബാധിക്കാറില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണ് നൂപുര്‍ ശര്‍മയുടെ പരമാര്‍ശമെന്നും വിവാദ പരാമര്‍ശങ്ങളില്‍ ഇന്‍ഡ്യന്‍ സര്‍കാര്‍ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഖത്വര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഖത്വറും കുവൈതും ഇന്‍ഡ്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളാണ് പ്രതിഷേധം അറിയിച്ചത്.

ഖത്വര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്വാന്‍ ബിന്‍ സാദ് ആല്‍ മുറൈഖിയുടെ പ്രതിഷേധത്തോട് ഇന്‍ഡ്യന്‍ സ്ഥാനപതി ദീപക് മിതലി മറുപടി നല്‍കിയത് ഇങ്ങനെ:

നൂപുറുന്റേത് കേന്ദ്ര സര്‍കാരിന്റെ അഭിപ്രായപ്രകടനമല്ല, ഇത്തരം പ്രസ്താവനകളെ കേന്ദ്ര സര്‍കാര്‍ ഒരുതരത്തിലും പിന്തുണക്കുന്നില്ല. ഇന്‍ഡ്യ ഭരിക്കുന്ന പാര്‍ടി വിവാദ പ്രസ്താവന നടത്തിയ നേതാവിനെതിരെ നടപടി എടുത്തുവെന്നും ദീപക് അറിയിച്ചു. തുടര്‍ന്ന് നേതാവിനെതിരെ നടപടി എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ടിവി ചാനല്‍ ചര്‍ചയ്ക്കിടെ ബിജെപി വക്താവ് പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു യുപിയിലെ കാന്‍പുരിലുണ്ടായ സംഘര്‍ഷം അറബ് ലോകത്ത് ഇന്‍ഡ്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളര്‍ന്നതോടെ പ്രശ്നപരിഹാരത്തിനു കേന്ദ്ര സര്‍കാര്‍ അടിയന്തര നടപടികളുമായി മുന്നോട്ടുവന്നിരുന്നു.

വിവാദ പരാമര്‍ശം നടത്തിയ വക്താവ് നൂപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഡെല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി നൂപുര്‍ രംഗത്തെത്തിയിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ചയ്ക്കിടെയും ഡെല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വാപി വിഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.

സംഭവത്തില്‍ നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബിജെപി പിന്തുണയ്ക്കില്ലെന്ന് പാര്‍ടി ദേശീയ ജെനറല്‍ സെക്രടറി അരുണ്‍ സിങ് വ്യക്തമാക്കിയിരുന്നു.

നൂപുറിന്റെ പരാമര്‍ശത്തെച്ചൊല്ലി കാന്‍പുരില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് യുപിയില്‍ സുരക്ഷ ശക്തമാക്കി. കാന്‍പുര്‍ സംഘര്‍ഷത്തിലെ മുഖ്യപ്രതി ഹായത് ജാഫര്‍ ഹഷ്മി ഉള്‍പെടെ നാലു പേര്‍ അറസ്റ്റിലായി. ഇവര്‍ മൗലാന അലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പ്രതികളെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala Governor Arif Mohammad Khan about prophet remark row, New Delhi, News, Trending, Controversy, Religion, BJP, Leader, Governor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia