Silver Line | സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകും; കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും കെ-റെയില്‍ എംഡി

 


തിരുവനന്തപുരം: (www.kvartha.com) സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിക്കുന്നതിന് കെ-റെയിലും സര്‍കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ-റെയില്‍ എം ഡി വി അജിത് കുമാര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കിയ എം ഡി പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അറിയിച്ചു.

കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ജിയോ ടാഗിങ് വഴി അതിര്‍ത്തി നിര്‍ണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരും. കെ-റെയില്‍ നടത്തിയ ജനസമക്ഷം 2.0 ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Silver Line | സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകും; കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും കെ-റെയില്‍ എംഡി

റെയില്‍വേ പ്രോജക്ടുകള്‍ ചെയ്യുന്നത് കേന്ദ്ര സര്‍കാരാണെന്നും കേന്ദ്ര റെയില്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ടെന്നും കെആര്‍ഡിസിഎല്‍ അത്തരത്തിലൊരു സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി രേഖ പ്രകാരം കേന്ദ്രസര്‍കാര്‍ നല്‍കുന്ന പലിശരഹിത വായ്പയുള്‍പെടെയുള്ള കടങ്ങള്‍ 50 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും. ഈ കാലത്തിനുള്ളില്‍ സംസ്ഥാനത്ത് വലിയ വികസനങ്ങള്‍ കടന്നുവരികയും മാറ്റങ്ങളുണ്ടാവുകയും ചെയ്യുമെന്നും എംഡി പറഞ്ഞു.

ടൈഡ് വായ്പയും ഇല്ലാത്ത വായ്പയും ജൈക നല്‍കുന്നുണ്ട്. ടൈഡ് വായ്പകള്‍ക്ക് പലിശ കുറവാണ്. 0.1% മുതല്‍ 0.2% വരെ മാത്രമാണ് പലിശ. അണ്‍ ടൈഡ് വായ്പകള്‍ക്ക് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് പലിശ. ഇതിലേത് വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, ഇതുസംബന്ധിച്ച ചര്‍ചകള്‍ നടക്കുന്നതേയുള്ളു. ഇന്‍ഡ്യയിലുള്ള മിക്കവാറും പദ്ധതികള്‍ക്ക് പലിശനിരക്ക് വളരെ കുറവായതുകൊണ്ട് ടൈഡ് ലോണ്‍ ആണ് എടുത്തിരിക്കുന്നതെന്നും സംശയങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

നിലവിലുള്ള നിയമം അനുസരിച്ച് നഷ്ടപരിഹാരത്തുക മുഴുവനും നല്‍കിയതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാനാവുകയുള്ളൂ എന്ന് മാത്രമല്ല അവരുടെ പുനരധിവാസം ഉറപ്പാക്കിയതിനുശേഷം മാത്രമേ പണികള്‍ തുടങ്ങാനാവൂ എന്നും എംഡി അറിയിച്ചു.

അതേസമയം സില്‍വര്‍ലൈന്‍ വരുന്നതുകൊണ്ട് ഇന്‍ഡ്യന്‍ റെയില്‍വേയ്ക്ക് ഒരു നഷ്ടവും വരില്ലെന്ന് മാത്രമല്ല ഗുണങ്ങളേറെയുണ്ടെന്ന് സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എം സ്വയംഭൂലിംഗം പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വരുന്നുണ്ട്. വിഴിഞ്ഞം പോര്‍ട് വരുന്നുണ്ട്. ഇതൊക്കെ കാരണം ഇവിടുത്തെ ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും. സില്‍വര്‍ ലൈന്‍ റോറോ സര്‍വീസും ഉണ്ട്. ഇതുവഴി ഇന്‍ഡ്യന്‍ റെയില്‍വേയ്ക്ക് കൂടുതല്‍ ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ വന്നാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനമുണ്ടാകും. പദ്ധതിയുടെ പേരില്‍ ആര്‍ക്കും ദ്രോഹമുണ്ടാകില്ലെന്നും സെക്ഷന്‍ എന്‍ജിനീയര്‍ പ്രശാന്ത് സുബ്രമണ്യന്‍ പറഞ്ഞു.

നേരത്തേ ഈമെയില്‍ വഴിയും കെ-റെയില്‍ വെബ്‌സൈറ്റിലും ലഭിച്ച ചോദ്യങ്ങള്‍ക്കും തത്സമയം ലഭിച്ച ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ പി ടി മുഹമ്മദ് സാദ്വിഖ് മോഡറേറ്ററായിരുന്നു.

Keywords: Kerala determined to go ahead with Silver Line: KRDCL, Thiruvananthapuram, News, Politics, Technology, Business, Railway, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia