സ്ഥാനാര്‍ഥി ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്.
വിജയിക്ക് അനുമോദനം നേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജനഹിതം പൂര്‍ണമായി അംഗീകരിക്കുകയാണെന്നും വ്യക്തമാക്കി. പാര്‍ടി ഏല്‍പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയെ ഇളക്കി മറിച്ചു കൊണ്ട് എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് ശക്തികേന്ദ്രമായ തൃക്കാക്കരയില്‍ യുഡിഎഫ് പിന്നോട്ട് പോയേക്കാം എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളടക്കം ഭൂരിപക്ഷം കുറഞ്ഞാലും ഉമ ജയിക്കും എന്ന തരത്തില്‍ ആത്മവിശ്വാസം ചോര്‍ന്ന നിലയിലേക്ക് വന്നെങ്കിലും ഏറ്റവും മികച്ച വിജയം ഉമ നേടും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉറച്ച് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തിരുന്നു.
തൃക്കാക്കരയില്‍ കാംപ് ചെയ്ത് പ്രചാരണം നയിച്ച വിഡിക്കൊപ്പം യുവനേതാക്കളായ ശാഫി പറമ്പില്‍, ഹൈബി ഈഡന്‍, രാഹുല്‍ മാക്കൂട്ടത്തില്‍, വിടി ബല്‍റാം, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനില്‍ അക്കര, കെഎം അഭിജിത്ത്, വിഎസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു.
ഇവരെ കൂടാതെ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നീ സീനിയര്‍ നേതാക്കളും യുഡിഎഫിന്റെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ പ്രാചരണത്തിന് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പേ തന്നെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസിന്റെ നേതൃത്വത്തില്‍ ബൂത് കമിറ്റികള്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു.
യുഡിഎഫിലെ മറ്റു എംഎല്‍എമാരും ഘടകക്ഷി നേതാക്കളും തൃക്കാക്കരയില്‍ സജീവമായി ഇറങ്ങി. അഭിപ്രായ ഭിന്നതകളില്ലാതെ പാര്‍ടിയും മുന്നണിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയില്‍ കണ്ടെതെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തലപ്പത്തേക്ക് വന്ന ശേഷം ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പ് പോരാട്ടം മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറാനായി എന്നത് പാര്‍ടിയില്‍ വിഡിയുടെ കരുത്തേറ്റും.
വിജയത്തിന് പിന്നാലെ യുവനേതാക്കള്‍ ഒന്നാകെ സതീശന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയില്‍ സതീശനുണ്ടാക്കിയ സ്വാധീനത്തെ കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്.
അതേസമയം മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ കാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല എന്നത് എല്‍ഡിഎഫ് കാംപിന് ഷോക്കായിട്ടുണ്ട്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ കെവി തോമസിനും ഫലം വലിയ തിരിച്ചടിയാണ്.
Keywords: Jo Joseph Response on Thrikkakara BY Election, Kochi, News, By-election, Winner, LDF, Kerala, Trending.