Bulldozer Row | 'ബുൾഡോസർ ഉപയോഗിച്ച് തകർത്ത വീടിന് പകരം നഷ്ടപരിഹാരം നൽകണം'; പ്രയാഗ്‌രാജ് അക്രമക്കേസിൽ പൊലീസ് പ്രതിചേർത്ത ജാവേദ് മുഹമ്മദിന്റെ ഭാര്യ ഹൈകോടതിയിൽ; വീട് തന്റെ പേരിലെന്നും ഹർജിയിൽ

 


പ്രയാഗ്‌രാജ്: (www.kvartha.com) ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് അക്രമക്കേസിൽ പൊലീസ് പ്രതിചേർത്ത ജാവേദ് പമ്പ് എന്ന ജാവേദ് മുഹമ്മദിന്റെ വീട് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്ത കേസ് അലഹബാദ് ഹൈകോടതിയിലെത്തി. തകർന്ന വീടിന് പകരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ജാവേദിന്റെ ഭാര്യ പർവീൺ ഫാത്വിമ അലഹബാദ് ഹൈകോടതിയിൽ ഹർജി നൽകി. തന്റെ വീട് അനധികൃതമായി നിലംപരിശാക്കിയെന്ന് പർവീൺ ഹർജിയിൽ ആരോപിച്ചു.
   
Bulldozer Row | 'ബുൾഡോസർ ഉപയോഗിച്ച് തകർത്ത വീടിന് പകരം നഷ്ടപരിഹാരം നൽകണം'; പ്രയാഗ്‌രാജ് അക്രമക്കേസിൽ പൊലീസ് പ്രതിചേർത്ത ജാവേദ് മുഹമ്മദിന്റെ ഭാര്യ ഹൈകോടതിയിൽ; വീട് തന്റെ പേരിലെന്നും ഹർജിയിൽ

വീട് തകർക്കാൻ അനധികൃതമായി ബുൾഡോസർ ഉപയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പുതിയ വീട് നിർമിക്കുന്നതിന് നഷ്ടപരിഹാരം നൽകണമെന്നും ഫാത്വിമ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ വീട് നിർമിക്കുന്നത് വരെ താമസിക്കാൻ സർകാർ സൗകര്യം ഒരുക്കണമെന്നും വേനലവധിക്കാലത്തും തന്റെ വാദം കേൾക്കണമെന്നും പർവീൺ കോടതിയോട് അഭ്യർഥിച്ചു.

ബുൾഡോസർ ഉപയോഗിച്ച് തകർത്ത വീട് തന്റെ ഭർത്താവിന്റെ പേരിലല്ലെന്നും പിതാവിൽ നിന്ന് സമ്മാനമായി ലഭിച്ച തന്റെ പേരിലാണെന്നും ഫാത്വിമ നൽകിയ ഹർജിയിൽ പറയുന്നു. മുനിസിപൽ രേഖകളിലും റവന്യൂ രേഖകളിലും ഈ വീടിന്റെ പേപറുകളിൽ ഫാത്വിമ എന്ന പേര് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും അവർ പറഞ്ഞു.

'പ്രയാഗ്‌രാജ് ഡവലപ്‌മെന്റ് അതോറിറ്റി (പിഡിഎ) തന്റെ ഭർത്താവിന്റെ പേരിൽ നോടീസ് നൽകി അപീൽ സമർപിക്കാനോ കേസ് അവതരിപ്പിക്കാനോ അവസരം നൽകാതെ 12 മണിക്കൂറിന് ശേഷം വീട് പൊളിച്ചുമാറ്റി. ഇനി താമസിക്കാൻ വീടില്ല. കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം കഴിയാൻ നിർബന്ധിതനായി. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ വീട് നിർമിക്കുന്നതിന് സർകാർ നഷ്ടപരിഹാരം നൽകുകയും പുതിയ വീട് നിർമിക്കുന്നത് വരെ താമസിക്കാൻ സർകാർ വീട് നൽകുകയും വേണം', ഹർജിയിൽ പറയുന്നു.

ജൂൺ 10 ന് പ്രയാഗ്‌രാജിൽ ജുമുഅ നിസ്‌കാരത്തിന് ശേഷം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ജാവേദ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രയാഗ്‌രാജ് ഡവലപ്‌മെന്റ് അതോറിറ്റി നോടീസ് നൽകുകയും ജൂൺ 12ന് ബുൾഡോസർ ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ വീട് പൊളിക്കുകയും ആയിരുന്നു.

Keywords:  National,Uttar Pradesh,High Court, Case, News, Top-Headlines, Arrest, Police, Notice, Javed Muhammad's wife filed petition in the High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia