തലശേരി: (www.kvartha.com) ബൈകില്‍ നിന്നും വീണ് ബസിനടിയില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അണ്ടലൂര്‍ പുതുവയല്‍ ശ്രീ പത്മത്തില്‍ ഹരീന (40)യാണ് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ശനിയാഴ്ച രാവിലെ മരിച്ചത്. അണ്ടലൂര്‍ പുതുവയലിലെ പ്രവാസിയായിരുന്ന പ്രവീണിന്റെ ഭാര്യയാണ്. ഏക മകന്‍: അനുജിത്ത്.
കോടിയേരി പപ്പന്റെ പീടികക്കടുത്ത ഹരിദാസന്‍, രജിത ദമ്പതികളുടെ മകളാണ് ഹരീന. പ്രവീണ, പ്രശോഭ് എന്നിവര്‍ സഹോദരങ്ങളാണ്. ഇക്കഴിഞ്ഞ മേയ് 27 ന് സന്ധ്യയ്ക്കാണ് ചിറക്കുനി, അണ്ടലൂര്‍ റോഡില്‍ പാല്‍ സൊസൈറ്റിക്കടുത്തുള്ള വളവില്‍ ബൈക് യാത്രികരായ ഹരീനയും ഭര്‍ത്താവും അപകടത്തില്‍ പെട്ടത്.
ചിറക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകും തലശ്ശേരിയില്‍ നിന്ന് അണ്ടലൂരിലേക്ക് പോവുകയായിരുന്ന ശ്രീശൈലം ബസുമാണ് അപകടത്തില്‍ പെട്ടത്. ബൈകില്‍ നിന്നും ബസിനടിയില്‍ വീണ ഹരീനയുടെ കാലുകള്‍ ബസിന്റെ മുന്‍ ചക്രത്തില്‍ പെട്ട് ചതഞ്ഞു. തലയ്ക്കും പരിക്കേറ്റിരുന്നു. പ്രവീണ്‍ എതിര്‍ദിശയിലേക്ക് വീണതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Keywords: House Wife Died In Bike Accident, Thalassery, News, Accidental Death, Injured, Hospital, Treatment, Kerala.