ആലപ്പുഴ: (www.kvartha.com) വിവിധയിടങ്ങളില്‍ ഭക്ഷ്യവിഷബാധയേറ്റതായി റിപോര്‍ട്. കായംകുളം ടൗണ്‍ യുപി സ്‌കൂളിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച സ്‌കൂളില്‍നിന്ന് കഴിച്ച ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. എട്ട് കുട്ടികളെ കായംകളും താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ ചികിത്സ തേടി മടങ്ങി.
അതേസമയം, കൊല്ലം കൊട്ടാരക്കരയിലും സമാനസംഭവം ഉണ്ടായതായി പരാതിയുണ്ട്. ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശത അനുഭവപ്പെട്ട കല്ലുവാതുക്കല്‍ അങ്കണവാടിയിലെ നാല് കുട്ടികളും കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് അങ്കണവാടിയിലെത്തി നടത്തിയ പരിശോധനയില്‍ പുഴുവരിച്ച അരി കണ്ടെത്തിയതായി രക്ഷിതാക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കൊട്ടാരക്കര ചെയര്‍മാന്‍ ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ വലിയ പ്രതിഷേധത്തിലാണ്.
വെള്ളിയാഴ്ച വിഴിഞ്ഞത്തും 35 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപോര്‍ടുണ്ട്.