തിരുവനന്തപുരം: (www.kvartha.com) തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെയും സിപിഎമിന്റെയും വര്‍ഗീയക്കളി ഏശിയില്ലെന്നും യുഡിഎഫിന്റേത് മികച്ച സ്ഥാനാര്‍ഥിയായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ജോകറാണെന്നും അദ്ദേഹം ട്രോളി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കെ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സിപിഎം വോട് ബാങ്ക് ലക്ഷ്യമിട്ടുള്ള വര്‍ഗീയ പ്രീണനമാണ് നടത്തിയത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ചില മതവിഭാഗങ്ങളുടെ വോട് പെട്ടിയിലാക്കാനുള്ള കുതന്ത്രങ്ങളൊന്നും വിലപ്പോയില്ല. വര്‍ഗ സമരത്തിലല്ല, വര്‍ഗീയ സമരത്തിലാണ് അവര്‍ വിശ്വാസം അര്‍പ്പിച്ചത്. ജാതി-മത അടിസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കി വോട് നേടാനാണ് മന്ത്രിമാര്‍ ഉള്‍പെടെയുള്ള പ്രമുഖ നേതാക്കള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തമ്പടിച്ചെങ്കിലും ജനം അതിന് ചുട്ടമറുപടി കൊടുത്തു.
വാടകയ്ക്കൊരു ഹൃദയം അല്ല വാടകയ്ക്കൊരു ഹൃദയ ഡോക്ടറെയാണ് സിപിഎം നിര്‍ത്തിയത്. സിപിഎം ജില്ലാ കമിറ്റി ഡിവൈഎഫ്ഐ നേതാവ് അരുണ്‍കുമാറിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. സാധാരണ ജില്ലാ കമിറ്റി ഏകകണ്ഠമായി തീരുമാനം എടുത്താല്‍ സംസ്ഥാന കമിറ്റി അതിനെ എതിര്‍ക്കാറില്ല. അരുണിന് വേണ്ടി പ്രവര്‍ത്തനവും തുടങ്ങി. പക്ഷെ, പെട്ടെന്ന് പുതിയ സ്ഥാനാര്‍ഥിയായി ജോ ജോസഫ് വന്നു. അദ്ദേഹം കോതമംഗലത്ത് ട്വന്റിട്വന്റി സ്ഥാനാര്‍ഥിയായി മുമ്പ് മത്സരിച്ചിട്ടുണ്ടെന്നും ചെറിയാന്‍ ഫിലിപ് ആരോപിച്ചു.
പൂഞ്ഞാറുകാരനായ ജോ ജോസഫിന് ഒരു രാഷ്ട്രീയ പാര്‍ടികളുമായോ, സമുദായ സംഘടനകളുമായോ പഠനകാലത്ത് പോലും ബന്ധമില്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഇദ്ദേഹം സ്ഥാനാര്‍ഥിയായതെന്ന് സിപിഎം നേതാക്കള്‍ക്ക് പോലും അറിയില്ല. പരാജയപ്പെടുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ സിപിഎം വര്‍ഗീയമായി വോട് ഭിന്നിപ്പിക്കാന്‍ കഴിയുന്നവരെയും പണം ഉള്ളവരെയും മത്സരിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു.