തലശേരി: (www.kvaartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത തോല്‍വിയെ കുറിച്ചു മാധ്യമങ്ങളോട് ഞായറാഴ്ചയും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. രാവിലെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍കാരിന്റെ വൃക്ഷസമൃദ്ധി പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞുവെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് രണ്ടാം പിണറായി സര്‍കാരിന്റെ ഒന്നാംവര്‍ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പാര്‍ടി സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഗൗനിക്കാതെ വൃക്ഷതൈ നടാനായി മറ്റുമന്ത്രിമാരോടൊപ്പം നടന്നു പോവുകയായിരുന്നു. തൃക്കാക്കരയില്‍ പാര്‍ടി കണക്കുകൂട്ടലുകള്‍ തെറ്റിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് പാര്‍ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതുകൂടാതെ തൃക്കാക്കരയില്‍ പ്രചരണം നയിച്ചത് എല്‍ഡിഎഫ് ക്യാപ്റ്റനായ പിണറായി വിജയന്‍ മുന്നില്‍ നിന്നാണെന്ന പ്രചരണം സിപിഎം കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായി.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുണ്ടായ ചര്‍ചകളില്‍ എതിരാളികള്‍ വിമര്‍ശനത്തിന്റെ കൂരമ്പ് എയ്തതും ഇതോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ്, എം സ്വരാജ് എന്നിവര്‍ക്കാണ് മണ്ഡലത്തിന്റെ ചുമതല പാര്‍ടി നല്‍കിയതെങ്കിലും പിണറായി സര്‍കാര്‍ നൂറ് നികയ്ക്കുമെന്ന അവകാശവാദം മുഖ്യമന്ത്രിയെ മുന്‍നിരയില്‍ നിര്‍ത്തിയാണ് എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നത്. ക്യാപ്റ്റന്‍ ഇറങ്ങിയാല്‍ വിജയമുറപ്പെന്നായിരുന്നു സിപിഎം സൈബര്‍ സഖാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിൽ ഉയര്‍ത്തിയ പ്രചാരണം.
CM remains silent | തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; മൗനം തുടര്‍ന്ന് മുഖ്യമന്ത്രി
Thrikkakara by-election; Chief Minister remains silent#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ