Chowalloor Krishnankutty | ഭക്തിഗാനങ്ങളിലൂടെ മലയാളി മനസില്‍ കുടിയേറിയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

 



തൃശൂര്‍: (www.kvartha.com) ഭക്തിഗാനങ്ങളിലൂടെ മലയാളി മനസില്‍ കുടിയേറിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ  ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. രാത്രി 10.45ന് അമല മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. 

ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസ്യസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു.

ആദ്യകാല സൂപര്‍ഹിറ്റ് സിനിമയായ 'പ്രഭാതസന്ധ്യ'യുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കര്‍പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകള്‍ക്കായും തിരക്കഥകള്‍ എഴുതി. 'സര്‍ഗം' എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ചൊവ്വല്ലൂരാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കീഴ്പടം സുകുമാരന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയവരെക്കുറിച്ച് ഡോക്യുമെന്ററികള്‍ ചെയ്തു. 

Chowalloor Krishnankutty | ഭക്തിഗാനങ്ങളിലൂടെ മലയാളി മനസില്‍ കുടിയേറിയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു


'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം', 'ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം...', 'ഉദിച്ചുയര്‍ന്നു മാമല മേലേ ഉത്രം നക്ഷത്രം.....' തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ ചൊവ്വല്ലൂര്‍ എഴുതിയവയാണ്. 3000ത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 

ഹാസ്യ സാഹിത്യക്കാരനുള്ള കേരള സാഹിത്യ അകാഡമി പുരസ്‌കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സര്‍കാര്‍ അവാര്‍ഡ്, ഗുരുവായൂര്‍ തിരുവെങ്കിടാചലപതി പുരസ്‌കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്‌കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

മാധ്യമ പ്രവര്‍ത്തന രംഗത്തിനും സാഹിത്യരംഗത്തിനും ഗാന ലോകത്തിനും ഒരു പോലെ നഷ്ടമാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നിരവധി ഗാനങ്ങളിലൂടെയും ഭാവനാപൂര്‍ണമായ ഒട്ടനവധി കവിതകളിലൂടെയും മലയാളസാഹിത്യത്തിന്റെ സാംസ്‌കാരിക ഈടുവെപ്പിന്റെ  ഭാഗമായി കഴിഞ്ഞിട്ടുണ്ട് ചൊവ്വല്ലൂരിന്റെ സംഭാവനകള്‍. 

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് ചൊവ്വല്ലൂരിന്റെ  വിയോഗം. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Keywords:  News,Kerala,State,Thrissur,Journalist,Obituary,Death, Chowalloor Krishnankutty passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia