ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഹെനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉള്‍പെടെ ചുമത്തി കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച തന്നെ റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഹെനയുടെ സ്വാഭാവിക മരണമെന്ന് കുടുംബവും നാട്ടുകാരും വിശ്വസിച്ച വിയോഗ വാര്‍ത്തയിലാണ് ഞെട്ടിക്കുന്ന വഴിത്തിരിവുണ്ടായിരിക്കുന്നത്. ഹെനയുടെ മൃതദേഹം പോസ്റ്റുമോര്‍ടം ചെയ്ത ഡോക്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
കഴിഞ്ഞ 26നാണ് ഹെനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റുമോര്‍ടം ചെയ്തതോടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ ഡോക്ടര്‍മാര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
തുടര്‍ന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഹെനയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അപ്പുക്കുട്ടന്‍ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഹെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടന്‍ സമ്മതിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സ്ത്രീധനത്തെ ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നുമാണ് വിവരം.