Byju's lays off employees | ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിട്ടു; തീരുമാനം ചിലവ് ചുരുക്കലിന്റെ ഭാഗമായി

 


ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ സ്റ്റാർടപുകളുടെ ഫൻഡിംഗ് മരവിപ്പിക്കലിനിടെ, എഡ്‌ടെക് കംപനിയായ ബൈജൂസ് അതിന്റെ ഗ്രൂപ് കംപനികളിലുടനീളം 2,500 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോർട്. 'ജൂൺ 27, 28 തീയതികളിൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റെടുത്ത രണ്ട് കംപനികളായ Toppr, WhiteHat Jr എന്നിവിടങ്ങളിൽ നിന്ന് 1,500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടപ്പോൾ, ജൂൺ 29 ന്, അതിന്റെ പ്രധാന പ്രവർത്തനങ്ങളിൽ പെട്ട  ഏകദേശം 1,000 ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു', ഉറവിടങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപോർട് ചെയ്തു.
     
Byju's lays off employees  | ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിട്ടു; തീരുമാനം ചിലവ് ചുരുക്കലിന്റെ ഭാഗമായി

ഇൻഡ്യയിൽ ഏറ്റവും മൂല്യമുള്ള സ്റ്റാർടപായ ബെംഗ്ളുറു ആസ്ഥാനമായുള്ള ബൈജൂസ്, ടോപ്ആർ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നിവയിൽ സെയിൽസ്, മാർകറ്റിംഗ്, ഓപറേഷൻസ്, കണ്ടന്റ്, ഡിസൈൻ ടീമുകളിലുടനീളമുള്ള മുഴുവൻ സമയ, കരാർ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോർട് പറയുന്നു. 'ഗ്രൂപ് കംപനികളിലുടനീളം ഉള്ളടക്കം, ഡിസൈൻ തുടങ്ങിയ ജീവനക്കാരെ ഗണ്യമായി കുറച്ചിരിക്കുന്നു. ഈ ടീമുകളിൽ ചിലത് ആരുമില്ലാതായി മാറി. പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു', വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

സ്‌കൂളുകളും കോളജുകളും, ട്യൂഷൻ സെന്ററുകളും വീണ്ടും തുറന്നതോടെ എഡ്‌ടെക് വിപണി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബൈജൂസിന്റെ ഏറ്റവും പുതിയ നടപടികൾ.  എഡ്‌ടെക് യൂണികോൺ ആയ ബൈജൂസ്‌ കഴിഞ്ഞ വർഷം ഏകദേശം 2.5 ബില്യൺ ഡോളറിന് കുറഞ്ഞത് 10 മറ്റ് കംപനികളെയെങ്കിലും ഏറ്റെടുത്തിട്ടുണ്ട്.

അൺകാഡമി, വൈറ്റ്ഹാറ്റ് ജൂനിയർ, വേദാന്റു, ഫ്രണ്ട്റോ, ഉദയ്, ലിഡോ ലേണിംഗ് തുടങ്ങിയ എഡ്‌ടെക് പ്ലാറ്റ്‌ഫോമുകൾ രാജ്യത്ത് പതിനായിരത്തിലധികം സ്റ്റാർടപ് ജീവനക്കാരെ പിരിച്ചുവിട്ടു. ബൈജൂസ് അതിന്റെ ടോപർ ലേണിംഗ് പ്ലാറ്റ്‌ഫോമിലെ 300 ജീവനക്കാരോടും കോഡിംഗ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയറിലെ മറ്റൊരു 300 ജീവനക്കാരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി ബുധനാഴ്ച ഐഎഎൻഎസ് റിപോർട് ചെയ്തു.

300 മില്യൻ ഡോളറിന് ബൈജൂസ്‌ ഏറ്റെടുത്ത ഓൺലൈൻ കോഡിംഗ് പ്രൊവൈഡറായ വൈറ്റ്ഹാറ്റ് ജൂനിയർ, 300 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തെ, ഏപ്രിൽ-മെയ് മാസങ്ങളിൽ ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് 1,000-ലധികം ജീവനക്കാർ രാജിവെച്ചിരുന്നു. 'ഞങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ദീര്‍ഘകാല വളര്‍ച്ചയ്ക്കായി ബിസിനസ് മികച്ച രീതിയില്‍ നടത്തുന്നതിനും ഞങ്ങളുടെ ജീവനക്കാര്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നു', വൃത്തങ്ങൾ വ്യക്തമാക്കി.

ആകാശ് എജ്യുകേഷണൽ സർവീസസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഓഹരി ഉടമകൾക്കുള്ള പേയ്‌മെന്റുകൾ വൈകിപ്പിച്ചുവെന്ന റിപോർടുകൾക്കിടയിലാണ് ബൈജൂന്റെ പിരിച്ചുവിടലുകൾ വന്നത്, ഏറ്റെടുക്കൽ നടപടികൾ  നടന്നുവരികയാന്നെനും ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കംപനി അറിയിച്ചു. ഡെൽഹി ആസ്ഥാനമായുള്ള ഓഫ്‌ലൈൻ ടെസ്റ്റ് സേവന ദാതാക്കളായ ആകാശിനെ ബൈജു കഴിഞ്ഞ വർഷം ഒരു ബില്യൺ ഡോളറിനാണ് ഏറ്റെടുത്തത്.

ഏപ്രിലിൽ, അൺകാഡമി ഏകദേശം 600 ജീവനക്കാരെയും കരാർ തൊഴിലാളികളെയും അധ്യാപകരെയും പിരിച്ചുവിട്ടു. ഏകദേശം  6,000-ത്തോളം ജീവനക്കാരുള്ള കംപനിയിലെ 10 ശതമാനം പേരെയാണ് പിരിച്ചുവിട്ടത്. നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാരിൽ ഒരു ചെറിയ ഭാഗത്തോട്  (2.6 ശതമാനം അല്ലെങ്കിൽ ഏകദേശം 150 ജീവനക്കാർ) പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി ജൂണിൽ അൺകാഡമി പറഞ്ഞിരുന്നു.

ബൈജൂസ് ആപ് ഏകദേശം 150 ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾ പ്രതിദിനം ശരാശരി 71 മിനിറ്റ് ആപ് ചിലവഴിക്കുന്നു. തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കംപനി  ഔദ്യോഗികമായി വിളിച്ചിരുന്നത്. ഫേസ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ ചാൻ-സകർബർഗ് ഇനിഷ്യേറ്റീവ്, നാസ്പേഴ്‌സ് ലിമിറ്റഡ്, ടൈഗർ ഗ്ലോബൽ മാനജ്‌മെന്റ്, സെക്വോയ ക്യാപിറ്റൽ ഇൻഡ്യ എന്നിവയുൾപെടെ പ്രമുഖ ആഗോള നിക്ഷേപകരുമുണ്ട് ഇതിന്.

കോവിഡ് -19 മഹാമാരി സമയത്ത് സ്കൂളുകളും ട്യൂഷൻഗ് സെന്ററുകളും അടച്ചിടാൻ  നിർബന്ധിതമായതിനെത്തുടർന്ന് മാതാപിതാക്കളും അധ്യാപകരും വിദ്യാർഥികളും ബദൽ മാർഗങ്ങൾ  അന്വേഷിക്കാൻ  തുടങ്ങി. ഇതോടെ രാജ്യത്ത് ഓൺലൈൻ ക്ലാസുകളുടെ ജനപ്രീതി കുതിച്ചുയർന്നു.  യുഎസ്, യുകെ, ബ്രസീൽ, ഇൻഡോനേഷ്യ, മെക്‌സികോ, ഓസ്‌ട്രേലിയ എന്നിവയുൾപെടെയുള്ള രാജ്യങ്ങളിലെ സ്‌കൂൾ കുട്ടികളെ പഠിപ്പിക്കുന്ന ഇൻഡ്യയിലെയും മറ്റിടങ്ങളിലെയും അധ്യാപകരുമായി സഹകരിച്ച് ബൈജൂസ്‌ അതിന്റെ പ്രവർത്തനം വിപുലീകരിച്ചതായി ഈ വർഷം ആദ്യം ബ്ലൂംബെർഗ് റിപോർട് ചെയ്തിരുന്നു. 

ബൈജൂസ് ഈ വർഷം 800 മില്യൻ ഡോളർ സമാഹരിച്ച് അതിന്റെ മൂല്യം 22 ബില്യൻ ഡോളറായി ഉയർത്തിയിരുന്നു. ബിസിനസ് അതിവേഗം വിപുലീകരിക്കുന്നതിനായി ഒരു  ബില്യൻ ഡോളറിന്റെ വിദേശ ഏറ്റെടുക്കൽ ധനസഹായം സമാഹരിക്കുന്നതിനുള്ള ചർചകളും കംപനി നടത്തുന്നതായി റിപോർടുണ്ട്. അതിനിടെയാണ് ചിലവ് ചുരുക്കലിന്റെ ഭാഗമായയുള്ള പിരിച്ചുവിടലുകളും നടക്കുന്നത്.

Keywords:  National, News, Top-Headlines, Newdelhi, Labours, Latest-News, Report, Study, Bangalore, Market, Class, Education,Employees, School, College, Byju's lays off 2,500 employees as part of cost-cutting drive: Report, Online. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia