കോഴിക്കോട്: (www.kvartha.com) പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ കോഴിക്കോട്ട് അന്തരിച്ചു. 79 വയസായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍വച്ച് രാവിലെയായിരുന്നു അന്ത്യം. റിചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനും നിര്‍വഹിച്ചിട്ടുണ്ട്.
ജലച്ചായം, ഓയില്‍ കളര്‍, അക്രിലിക്, ചാര്‍കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ കഴിവ് തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രന്‍. തലശ്ശേരിയിലെ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ സി വി ബാലന്‍ നായര്‍ക്ക് കീഴിലാണ് ശരത് ചന്ദ്രന്‍ ചിത്രകലാഭ്യസനം നടത്തിയത്.
1964 ല്‍ ബോംബെയില്‍ എത്തിയ ശരത് ചന്ദ്രന്‍ ശാന്തിനികേതനില്‍ നിന്നുള്ള എന്‍ ആര്‍ ഡേയുടെ കീഴില്‍ ജോലിക്ക് ചേര്‍ന്നു. അതിനുശേഷം ഗോള്‍ഡന്‍ ടുബാകോ കംപനി ലിമിറ്റഡില്‍ ആര്‍ട് ഡയരക്ടറായി. ലോകത്തെമ്പാടും വില്‍ക്കുന്ന 800 ല്‍ പരം സിഗരറ്റുകള്‍ ഡിസൈന്‍ ചെയ്തത് ശരത് ചന്ദ്രനാണ്.
തുടര്‍ന്ന് ഓര്‍ബിറ്റ് എന്ന പേരില്‍ സ്വന്തമായി ഒരു പരസ്യ ഏജന്‍സിയും അദ്ദേഹം നടത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.