തൃശൂര്‍: (www.kvartha.com) മണ്ണുത്തിയില്‍ വാന്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയെടുത്തെന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി പണം തട്ടിയത്.
കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാന്‍ തട്ടിക്കൊണ്ടുപോയശേഷം ഷിനുവിനെ വിളിച്ചുവരുത്തി ബന്ദിയാക്കുകയായിരുന്നു. 5,0000 രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും ഷിനു രാജ് മൊഴി നല്‍കി.
തുടര്‍ന്ന് സംഘത്തിന്റെ പക്കല്‍ നിന്ന് മോചിതനായ ശേഷം ഷിനു രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനല്‍ സംഘം കുടുങ്ങിയത്. പണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു ബന്ദി നാടകമെന്നും സംഘത്തില്‍ ഒന്‍പത് പേരുണ്ടായിരുന്നുവെന്നും ബാക്കിയുള്ള നാല് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.